ദുരിതം വിതച്ച് കശ്‌മീരിൽ അതിശൈത്യം: നദികളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു,

0
57

ശ്രീനഗർ: കശ്‌മീർ ജനതയുടെ ശൈത്യകാല ദുരിതങ്ങൾക്ക് ആക്കം കൂട്ടി വായു മലിനീകരണവും നദികളിലെ ജലനിരപ്പ് കുറയലും. കൊടും തണുപ്പിനിടെ നദികളിലെ ജലനിരപ്പ് കുറയുന്നതും വായു മലിനീകരണവും കശ്‌മീരിൻ്റെ ജനജീവിതം ദുരിത പൂർണമാക്കുന്നു. താഴ്‌വരയിലെ കുറഞ്ഞ താപനില മൈനസ് ഡിഗ്രിയിൽ തുടരുകയാണ്.

ഡിസംബർ അവസാനം വരെ മഴയോ മഞ്ഞുവീഴ്‌ചയോ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ അറിയിപ്പ്. ശ്രീനഗർ നഗരത്തിൽ മൈനസ് 3.6 ഡിഗ്രി സെൽഷ്യസും പഹൽഗാമിൽ മൈനസ് 4.6 ഉം ഗുൽമാർഗിൽ പൂജ്യവുമാണ് കുറഞ്ഞ താപനില. ജമ്മു നഗരത്തിൽ 8.5 ഡിഗ്രി സെൽഷ്യസും കത്ര 9.4, ബട്ടോട്ട് 6.3, ബനിഹാലിൽ 4.2, ഭാദേർവായിൽ 1.9മായിരുന്നു കുറഞ്ഞ താപനില.

അതേസമയം തണുത്ത് വരണ്ട കാലാവസ്ഥ കശ്‌മീരിൽ നിരവധി ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. മഴയോ മഞ്ഞ് വീഴ്‌ചയോ ഇല്ലാത്തത് അന്തരീക്ഷത്തിൽ ജലകണങ്ങളുടെ അഭാവത്തിന് കാരണമാകുന്നുവെന്നും അധികൃതർ വിലയിരുത്തുന്നു. ശ്രീനഗർ നഗരത്തിലും പരിസര പ്രദേശങ്ങളിലും പുകമഞ്ഞ് നിറഞ്ഞ അവസ്ഥയാണുള്ളത്. ഇത് കൂടാതെ വായു ഗുണനിലവാര സൂചിക താഴ്‌ന്ന നിലയിൽ തുടരുന്നതും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.

തണുപ്പും തണുപ്പ് നിറഞ്ഞ കാറ്റും മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വർധിച്ച് വരുന്നതായാണ് കണക്ക്. രാവിലെയും വൈകുന്നേരവും വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കമ്പിളി വസ്ത്രങ്ങളും കഴുത്തും മുഖവും മൂടുന്ന മഫ്‌ളറുകളും ധരിച്ച് തണുത്ത വായു നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കാൻ ശ്വാസകോശ വിദഗ്‌ധർ നിർദേശിക്കുന്നു. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD) പോലുള്ള ശ്വാസകോശ സംബന്ധ രോഗങ്ങൾ നേരിടുന്നവരെ ഏറ്റവും ദുർബലമായ ഗ്രൂപ്പായും പ്രഖ്യാപിച്ചിട്ടുണ്ട്.

നദികളിലെ ജലനിരപ്പ് ക്രമാതീതമായി വറ്റിപ്പോകുന്നതും ആശങ്ക സൃഷ്‌ടിക്കുന്നു. തെക്ക് നിന്ന് വടക്കോട്ട് താഴ്‌വരയുടെ മധ്യത്തിലൂടെ ഒഴുകുന്ന ഝലം നദി ഏതാണ്ട് അടിത്തട്ടിലെത്തിയ നിലയിലാണ്. താഴ്‌വരയിലെ എല്ലാ നദികളിലും, തടാകങ്ങളിലും, അരുവികളിലും, കിണറുകളിലും, നീരുറവകളിലും ജലനിരപ്പ് കുറഞ്ഞു.

സമീപഭാവിയിൽ മഴയോ മഞ്ഞോ ഉണ്ടാകാൻ സാധ്യതയില്ലെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ പ്രവചനം ആശങ്കയുടെ ആക്കം കൂട്ടുന്നു. മാസാവസാനം വരെ വലിയ മഞ്ഞുവീഴ്‌ചയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ മുഖ്‌താർ അഹമ്മദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

‘ചില്ലൈ കലാൻ’ എന്ന് വിളിക്കപ്പെടുന്ന 40 ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ ശൈത്യകാല തണുപ്പ് എല്ലാ വർഷവും ഡിസംബർ 21ന് ആരംഭിച്ച് ജനുവരി 30 ന് അവസാനിക്കുന്നതാണ്. എന്നാൽ ഇത്തവണ അത് നേരത്തെ എത്തിയെന്നാണ് വിലയിരുത്തൽ. നദികൾ, തടാകങ്ങൾ, അരുവികൾ, മറ്റ് ജലാശയങ്ങൾ എന്നിവ താഴ്‌വരയിലെ ഭാഗികമായി മരവിക്കുകയും, പരമാവധി താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം കുറയുകയും ചെയ്യുന്നു. ഇതോടെ കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന അവസ്ഥയാണ് ചില്ലൈ കലാൻ.

LEAVE A REPLY

Please enter your comment!
Please enter your name here