ഒരുപാട് പോഷകഗുണങ്ങളുള്ള പഴമാണ് നെല്ലിക്ക. ശൈത്യകാലത്ത് നെല്ലിക്ക ജ്യൂസ് കുടിക്കണമെന്നാണ് ആയൂര്‍വേദ വിദഗ്‌ധന്‍ പറയുന്നത്.
ശൈത്യകാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളേറെയാണ്. ചര്‍മ്മ പ്രശ്‌നങ്ങളും പതിവ് കാഴ്‌ചയാണ്. അതുകൊണ്ട് തന്നെ വളരെ നന്നായി ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷിയും വിറ്റാമിനുകളുടെ കുറവും അനുഭപ്പെടാം.
ശൈത്യകാലത്ത് ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും നെല്ലിക്ക ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ശൈത്യകാലം നെല്ലിക്കകളുടെ സീസണ്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് നെല്ലിക്കകള്‍ സമൃദ്ധമായി ലഭിക്കും. പലപ്പോഴും നമ്മള്‍ വിറ്റാമിനുകള്‍ ഗുളികകളായി കഴിക്കാറുണ്ട്.
നെല്ലിക്ക വിറ്റാമിന്‍ സി യുടെ ഒരു ഉറവിടമാണെന്ന് നമ്മള്‍ തിരിച്ചറിയണം. ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ധാരാളം വിറ്റാമിനുകൾ നൽകുന്നതിനും നെല്ലിക്ക നല്ലതാണ്. ശൈത്യകാലത്ത് നെല്ലിക്ക കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
രാവിലെ ഒരു നെല്ലിക്ക ജ്യൂസ് പതിവാക്കൂ- ആയൂര്‍വേദ പ്രൊഫസര്‍
ശൈത്യകാലത്തെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് നെല്ലിക്കയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നാണ് ആയുർവേദ കോളേജിലെ പ്രൊഫസർ ഡോ. മനോജ് ടിംബാഡിയ ഇടിവി ഭാരതിനോട് പറഞ്ഞു. പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കുകയാണെങ്കിൽ അത് ദിവസം മുഴുവൻ ആവശ്യമായ വിറ്റാമിൻ സി നൽകുമെന്നും ടിംബാഡിയ പറഞ്ഞു.
ഇത് ഒരു സീസണൽ പഴമാണെന്നും ശൈത്യകാലത്ത് ആഹാരത്തിലും അല്ലാതെയും ഉള്‍പ്പെടുത്താന്‍ പറ്റിയ വളരെ നല്ല പഴവുമാണെന്നും ഡോക്‌ടര്‍ എടുത്തു പറഞ്ഞു. അതേസമയം 100 ഗ്രാം നെല്ലിക്കയിൽ 100 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി കഴിക്കണമെന്നും ടിംബാഡിയ നിര്‍ദേശിക്കുന്നു.
വിറ്റാമിന്‍ സിയും രോഗപ്രതിരോധ ശേഷിയും
ഭാവ്‌നഗറിലെ തെരുവുകളിൽ നെല്ലിക്ക സമൃദ്ധമായി കാണാന്‍ കഴിയും. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലെന്നു കരുതാതെ അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നാണ് ടിംബാഡിയയുടെ വാദം. എന്നാല്‍ മാത്രമേ അതിൻ്റെ എല്ലാ ഗുണങ്ങളും മനസിലാകൂ.
നെല്ലിക്കയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ഇത് പ്രതിരോധശേഷി ഫലപ്രദമായി വർധിപ്പിക്കും. ശൈത്യകാലത്ത് രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യതകളേറെയാണ്. ഇവിടെയാണ് നെല്ലിക്കയുടെ ഗുണങ്ങള്‍ സഹായകമാകുന്നത്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനായി നെല്ലിക്ക ജ്യൂസ് കുടിക്കുക. ഇത് വളരെയേറെ ഗുണങ്ങള്‍ നല്‍കും. രോഗപ്രതിരോധ ശേഷിക്കപ്പുറം ഒരു ആൻ്റി ഓക്‌സിഡൻ്റായി പ്രവർത്തിക്കാന്‍ കഴിവുണ്ടെന്ന കാര്യവും ടിംബാഡിയ ഓര്‍മിപ്പിച്ചു.
മറ്റ് പല അവയവങ്ങൾക്കും നെല്ലിക്ക ഗുണം ചെയ്യും
നെല്ലിക്കയുടെ ഗുണങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കും നെല്ലിക്ക നല്ലതാണെന്ന് ടിംബാഡിയ പറഞ്ഞു. പ്രധാനമായി പറഞ്ഞാല്‍ ചർമത്തിൻ്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക ഉത്തമമാണ്.
നെല്ലിക്ക ജ്യൂസ് അല്ലെങ്കിൽ പൊടി, മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. നെല്ലിക്ക കണ്ണുകൾക്കും നല്ലതാണ്. കൂടാതെ പെട്ടെന്ന് വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ നെല്ലിക്ക ഗുണം ചെയ്യുമെന്നും ഡോക്‌ടര്‍ പറഞ്ഞു. പ്രമേഹത്തിനും നേത്ര രോഗങ്ങൾക്കും ഉത്തമമാണ്. കൂടാതെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇത് ഗുണം ചെയ്യും. എല്ലാ വേദ ശുപാർശകൾക്കും അനുസൃതമായി ഇത് കഴിക്കുന്നതും ഉത്തമാണെന്ന് ആയൂര്‍വേദ ഡോക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.








