വൃശ്ചികപ്പുലരിയിൽ സന്നിധാനം ഭക്തി സാന്ദ്രം; ദർശന പുണ്യം നേടി ഭക്ത സാഗരം,

0
47

സന്നിധാനത്തേക്കുള്ള കാനന പാതകൾ ഇന്നു തുറക്കും.

പത്തനംതിട്ട: വൃശ്ചികപ്പുലരിയിൽ നട തുറന്നപ്പോൾ ശബരിമല സന്നിധാനം ശരണം വിളികളാൽ നിറഞ്ഞു. അയ്യനെ കാണാൻ നിരവധി ഭക്തരാണ് എത്തിയത്. ഭക്തരുടെ നീണ്ട ക്യൂവാണ് ശ്രീകോവിലിനു മുന്നിലും മറ്റും അനുഭവപ്പെട്ടത്. പുതുതായി ചുമതലയേറ്റ ശബരിമല മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വൃശ്ചികപ്പുലരിയിൽ നട തുറന്നത്.

തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്നപ്പോൾ എങ്ങും ശരണ മന്ത്രങ്ങളുയര്‍ന്നു. പുലർച്ചെ തന്നെ ദർശനത്തിനെത്തിയ തീർഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദേവസ്വം ബോർഡ് സെക്രട്ടറി പിഎൻ ഗണേശ്വരൻ പോറ്റി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ ഒജി ബിജു തുടങ്ങിയവരും പങ്കെടുത്തു. ഇന്നലെയാണ് (നവംബർ 16) മണ്ഡല മകരവിളക്കു തീർഥാടനത്തിന് തുടക്കമായത്.

പുലർച്ചെ മൂന്ന് മണിക്ക് നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. നട തുറന്നതിനുശേഷം നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു. നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് ഹരിവരാസനം പാടി അടക്കുകയും ചെയ്യും.

കാനന പാതകൾ ഇന്നു തുറക്കും

സന്നിധാനത്തേക്കുള്ള കാനന പാതകൾ ഇന്നു തുറക്കും. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നു പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക. പുല്ലുമേട് വഴി രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് തീർഥാടകരെ കടത്തിവിടുന്നത്. കരിമല പാതയിൽ അഴുതക്കടവിൽ നിന്ന് ഉച്ചയ്ക്ക് ഒന്നു വരെ മാത്രമാകും കടത്തിവിടുക.

LEAVE A REPLY

Please enter your comment!
Please enter your name here