ഇരുനൂറ് വർഷങ്ങൾക്കു മുമ്പ് നിലവിലുണ്ടായിരുന്ന പ്രാകൃത ചികിത്സാരീതികളിൽ നിന്ന് വിഭിന്നമായ ഒരു മാർഗ്ഗം രൂപപ്പെടുത്തിയെടുക്കാനുള്ള ജർമൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാന്റെ (1755-1843) ശ്രമഫലമായാണ് ഹോമിയോപ്പതി രൂപം കൊണ്ടത്. അക്കാലത്ത് യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്നത് രക്തം, കഫം, കറുപ്പും മഞ്ഞയും പിത്തരസങ്ങൾ എന്നീ ശരീര ദ്രവങ്ങളിൽ ഊന്നിയ ഗ്രീക്ക് ചികിത്സാരീതിയായിരുന്നു. ഈ ശരീരദ്രവങ്ങളെ നാല് ശരീരാവസ്ഥകളുമായി ബന്ധപ്പെടുത്തിയിരുന്നു- യഥാക്രമം ഉഷ്ണം, ശീതം, ഈർപ്പം, വരണ്ടത് എന്നിങ്ങനെ. ഈ ശരീരാവസ്ഥകളെ വീണ്ടും ഭൂമി, വായു, അഗ്നി, വെള്ളം എന്നീ മൂലകങ്ങളുമായും ബന്ധപ്പെടുത്തിയിരുന്നു. രോഗ ലക്ഷണങ്ങളായി പ്രകടമാവുന്ന നാല് ശരീരാവസ്ഥകളെയും അതിന് തത്തുല്യമായ എതിർവിഭാഗം കൊണ്ടായിരുന്നു ചികിത്സിച്ചിരുന്നത്. ഈ രീതിയെ ഹാനിമാൻ ‘അലോപ്പതി‘ എന്നു വിളിച്ചു (allos– വിപരീതം, pathos– ക്ലേശം). ഈ സിദ്ധാന്തങ്ങൾ തന്റെ ‘Organon of Medicine‘ എന്ന പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.
അടിസ്ഥാന തത്ത്വം : എല്ലാ രോഗങ്ങൾക്കും കാരണം ‘ജീവശക്തി’യുടെ അസന്തുലിതാവസ്ഥയാണെന്ന് ഹാനിമാൻ വാദിച്ചു. ഈ അസന്തുലിതാവസ്ഥയെ അദ്ദേഹം ‘miasm‘ എന്നു വിശേഷിപ്പിച്ചു. ജീവശക്തിയെ ചികിത്സിക്കുകയാണ് രോഗനിവാരണത്തിനുള്ള യഥാർത്ഥ മാർഗ്ഗമെന്നും അദ്ദേഹം സിദ്ധാന്തിച്ചു. അക്കാലത്ത് മലേറിയയുടെ ചികിൽസക്കായി ഉപയോഗിച്ചിരുന്ന സിങ്കോണ മരത്തിന്റെ തടി കഴിച്ച ഹാനിമാനിൽ മലേറിയയുടെതു പോലെയുള്ള പനി, വിറയൽ, സന്ധിവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമായി. ഒരു രോഗത്തിനുള്ള ഫലപ്രദമായ മരുന്ന്, ആരോഗ്യവാനായ ഒരു വ്യക്തി കഴിക്കുകയാണെങ്കിൽ, ആ രോഗത്തിനു സമാനമായ ലക്ഷണങ്ങൾ അയാളിൽ അതുണ്ടാക്കുമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു – ഇതാണ് ഹോമിയോപ്പതിയുടെ പ്രസിദ്ധമായ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (ഇംഗ്ലീഷ്: Like Cures Like ജർമ്മൻ: Similia Similibus Curantur) എന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.
ചികിത്സാരീതി: ഹോമിയോപ്പതി മരുന്നുകൾ നിർമ്മിക്കുന്നത് സസ്യങ്ങൾ, ജന്തുക്കൾ, ധാതുക്കൾ എന്നിവയിൽനിന്നാണ്. ഇവയുടെ അങ്ങേയറ്റം നേർപ്പിച്ചെടുത്ത മിശ്രിതങ്ങളാണ് ഉപയോഗിക്കുന്നത്. ഈ പദാർഥങ്ങൾ ചേർത്ത ആൽക്കഹോൾ മിശ്രിതം തുടർച്ചയായ നേർപ്പിക്കൽ പ്രക്രിയക്കൊടുവിൽ ലാക്റ്റോസ് അല്ലെങ്കിൽ ഫ്രക്റ്റോസ് (പഞ്ചസാരയുടെ മറ്റൊരു രൂപം) മാധ്യമത്തിൽ ചേർത്ത് ഗുളിക രൂപത്തിലാക്കുന്നു. പിന്നീട് ഗുളികകളിൽ നിന്ന് ജലാംശം പൂർണ്ണമായും ബാഷ്പീകരിച്ച് പോവുകയും ചെയ്യുന്നു.
ഹോമിയോപ്പതി ഇന്ത്യയിൽ: പത്തൊൻപതാം നൂറ്റാണ്ടിൽ ബംഗാളിന്റെ തീരത്ത് കോളറ പടർന്നുപിടിച്ചപ്പോൾ ജർമ്മൻ മിഷനറിമാർ നടത്തിയ രക്ഷാപ്രവർത്തനങ്ങളിലൂടെയാണ് ഇന്ത്യയിൽ ഹോമിയോപ്പതി ചികിത്സയുടെ തുടക്കം. ഇന്ത്യ സ്വതന്ത്രമായശേഷം പല സംസ്ഥാനങ്ങളും ഹോമിയോപ്പതി ചികിത്സയും പഠനവും ക്രമപ്പെടുത്തുന്നതിനുള്ള നിയമങ്ങളുണ്ടാക്കി. ഇന്ത്യൻ പാർലിമെന്റ് Homeopathy Central Council Act, 1973 എന്ന നിയമം കൊണ്ടുവരികയും അതനുസരിച്ചു Central Council of Homeopathy (CCH) 1974-ൽ രൂപീകരിക്കുകയും ചെയ്തു. 1978-ൽ Central Council for Research in Homeopathy (CCRH) രൂപം കൊണ്ടു. 1975-ൽ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോമിയോപ്പതി (NIH) സ്ഥാപിതമായി. ആ വർഷം തന്നെ Homoeopathic Pharmacopoeia Laboratory (HPL) ഉം സ്ഥാപിതമായി. ഇന്ത്യ ഗവണ്മെന്റിന്റെ അശ്രാന്തമായ പരിശ്രമങ്ങളുടെ ഫലമായി ഹോമിയോപ്പതി സ്ഥാപനങ്ങൾ ഇന്ത്യയിലെങ്ങും വ്യാപകമായി. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്.







