വയനാട് എം പി പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ അഞ്ജതയുടെയും രാഷ്‌ട്രീയ അവസരവാദത്തിന്‍റെയും പ്രകടനമാണെന്നും വിദ്യാഭ്യാസ മന്ത്രി.
പി എം ശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറിയതായി അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കേരളം പദ്ധതിയില്‍ തുടരണമെന്നും. പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറയുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യസഭാ അംഗമായ ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള മുതിര്‍ന്ന സിപി എം നേതാക്കള്‍ പദ്ധതിക്കായി വാദിച്ചിരുന്നുവെന്നും വെളിപ്പെടുത്തി.
അതേസമയം പി എം ശ്രീക്കെതിരെ വയനാട് എം പി പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ അഞ്ജതയുടെയും രാഷ്‌ട്രീയ അവസരവാദത്തിന്‍റെയും പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്നതും നിരുത്തരവാദപരവുമായ പ്രസ്‌താവനകളിലൂടെയ പ്രിയങ്ക ഗാന്ധി വസ്‌തുതകളെ വളച്ചൊടിക്കുന്നുവെന്നും രാജ്യത്തെ വിദ്യാഭ്യാസ വിദഗ്‌ധരോടുള്ള അനാദരവാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ എടുത്തു പറഞ്ഞു.
രൂക്ഷവിമര്‍ശനമാണ് പി എം ശ്രീക്കെതിരെ എം. പി പ്രിയങ്ക ഗാന്ധി നടത്തിയിരുന്നത്. പി എം ശ്രീയെ കുറിച്ച് സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ലെന്നും രണ്ട് വള്ളത്തില്‍ കാലുവയ്ക്കരുതെന്നുമാണ് പ്രിയങ്കഗാന്ധിയുടെ പരാമര്‍ശം. ഇത്തരം വിഷയങ്ങളില്‍ സ്വന്തമായി നിലപാടെടുക്കാന്‍ കഴിയണമെന്നും നിലപാട് എന്താണ് എന്ന് വ്യക്തമാക്കാന്‍ സാധിക്കണമെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് കേരളം മരവിപ്പിച്ചതായി അറിയില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രേഖാമൂലം കേരളത്തിന്‍റെ അറിയിപ്പ് ലഭിച്ചാല്‍ നിലപാട് അറിയിക്കും. തത്കാലം പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നല്‍കണോ എന്ന് പരിശോധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ നിലവില്‍ തടസമില്ലെന്നും പറഞ്ഞു. അതേസമയം തമിഴ്‌നാടും പശ്ചിമ ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ പി എം ശ്രീ പദ്ധിതിയുമായി മുന്നോട്ട് പോകുകയാണ്.
പി എം ശ്രീ മരവിപ്പിക്കാനുള്ള തീരുമാനം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് എല്‍ ഡി എഫ് യോഗത്തിലായിരുന്നു പി എം ശ്രീ മരവിപ്പിക്കാനുള്ള നിര്‍ണായക തീരുമാനമുണ്ടായത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രത്തിന് കത്ത് നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനപരിശോധിക്കണമെന്നും ഇത് പരിശോധിക്കാനായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഉപസമിതിയുടെ അധ്യക്ഷന്‍. സിപി ഐയുടെ കെ രാജന്‍, പി പ്രസാദ് എന്നീ രണ്ട് മന്ത്രിമാരും ഉപസമതിയില്‍ ഉണ്ട്. റോഷി അഗസ്റ്റിന്‍, പി രാജീവ്, കെ കൃഷ്‌ണന്‍ കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് മറ്റ് മന്ത്രിമാര്‍. ഉപസമിതി തീരുമാനം എടുക്കുന്നത് വരെ പദ്ധതി മരവിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.
2025 ഒക്‌ടോബര്‍ 16 ആണ് പി എം ശ്രീ ധാരണാപത്രം തയാറാക്കിയത്. 22 ന് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിക്കുകയും 23 ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്‌തു. എന്നാല്‍ സി പി ഐയെ അറിയിക്കാതെയായിരുന്നു ഈ നീക്കങ്ങള്‍. ധാരണാ പത്രത്തില്‍ ഒപ്പിട്ട വിവരം വാര്‍ത്തയായതോടെയാണ് സി പി എം ഇടപെട്ടത്. ഇതോടെ മുന്നണി മര്യാദകള്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി ബിനോയ് വിശ്വം രംഗത്ത് എത്തുകയും സി പി ഐ ഉറച്ച നിലപാട് എടുക്കുകയും ചെയ്‌തു. ഇതോടെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും വിഷയത്തില്‍ ഇടപെട്ടു. പാര്‍ട്ടി നയത്തിന് വിരുദ്ധമെന്നായിരുന്നു ഡി രാജയുടെ വാദം.
ഇതോടെ സിപിഐഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി ഡി രാജ കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. പിന്നീട് വിഷയം ചര്‍ച്ച ചെയ്യാന്‍ സി പി ഐ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. ഇതില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനമായിരുന്നു സിപി ഐയുടേത്. ഇതിന് ശേഷമാണ് എല്‍ ഡി എഫ് യോഗം ചേര്‍ന്ന് സമയവായത്തില്‍ എത്തിയത്.








