മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി മുൻ അംഗരക്ഷകൻ. ഒൻപത് മാസം മുൻപ് വരെ സുശാന്തിന്‍റെ അംഗരക്ഷകനായിരുന്ന മുഷ്‍താഖ് ആണ് ഒരു ദേശീയ ചാനലിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശത്ത് നിന്നെത്തിച്ച ഹാഷിഷ് സുശാന്ത് സ്ഥിരമായി ഉപയോഗിക്കുമായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. ഇതിനെ തുടർന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം നാളെ മുംബൈയിലെത്തും.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും സിബിഐക്കും പിന്നാലെ മൂന്നാമത്തെ കേന്ദ്ര ഏജൻസിയാണ് സുശാന്ത് മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുന്നത്.ലഹരി ഉപയോഗിക്കുന്ന പാർട്ടികളിൽ താരവും കാമുകിയായ റിയയും പങ്കെടുക്കാറുണ്ട്. വിലകൂടിയ ഹാഷിഷ് ഇതിനായി എത്തിക്കാറുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. എന്നാൽ ഇതെല്ലാം കള്ളമെന്ന് സുശാന്തിനൊപ്പമുണ്ടായിരുന്ന സഹായി അങ്കിത് ആചാര്യ പറഞ്ഞു.
അതേസമയം ലഹരി വസ്തുക്കൾ ആവശ്യപ്പെട്ട് റിയ നടത്തിയ ചാറ്റുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് സുശാന്തിന് നൽകിയെന്ന സൂചനയും ഈ ചാറ്റുകളിലുണ്ടായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുത്തത്.
എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെപി മൽഹോത്രയുടെ നേതൃത്വത്തിൽ മുംബൈയിലെയും ദില്ലിയിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുക. സംഘം റിയയുടെ രക്ത സാമ്പിൾ ശേഖരിക്കും. ഏത് പരിശോധനയോടും സഹകരിക്കുമെന്ന് റിയയുടെ അഭിഭാഷകൻ അറിയിച്ചു.