നേപ്പാളിലെ സ്‌കൂളുകളിലേക്ക് ബസുകള്‍ നല്‍കി ഇന്ത്യ. 48 ജില്ലകളിലെ വിവിധ സ്‌കൂളുകളിലേക്കായി 81 ബസുകളാണ് ഇന്ത്യ നല്‍കിയത്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന് ഉദാഹരണമാണിതെന്ന് കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസി പറഞ്ഞു. എക്‌സിലൂടെയാണ് എംബസി ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യയും നേപ്പാളും തമ്മിലുള്ള വികസന പങ്കാളിത്തത്തിനും സൗഹൃദത്തിനും ഉദാഹരണമാണിത്. വെള്ളപ്പൊക്ക ബാധിത പ്രദേശമായ കോഷി പ്രവിശ്യയിലെ ഇലാം, ജാപ, ഉദയപൂർ ജില്ലകളിലേക്കും നേപ്പാളിലെ മറ്റ് ഏഴ് പ്രവിശ്യകളിലെ ഹംല, മുസ്‌താങ്, ശംഖുവാസഭ, ഡാർചുല, ബൈതാഡി, അച്ചാം എന്നീ ജില്ലകളിലെ 48 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി 81 സ്‌കൂൾ ബസുകൾ ഇന്ത്യന്‍ സർക്കാർ സംഭാവന ചെയ്‌തു.
നേപ്പാളിലെ വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള ഇന്ത്യയുടെ സുസ്ഥിരമായ പിന്തുണയെ ഈ സംഭാവന ശക്തിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നേപ്പാളിലേക്ക് ഇന്ത്യ 381 സ്‌കൂൾ ബസുകൾ നൽകിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഗതാഗതവും വിദ്യാഭ്യാസവും വർധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് ഇത് വരച്ച് കാട്ടുന്നത്. പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ അയല്‍രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വിശാലമായ പങ്കിനെ ഇത്തരം വികസന പിന്തുണ പ്രതിഫലിപ്പിക്കുന്നുവെന്ന്’ എംബസി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
നേപ്പാളില്‍ അടുത്തിടെയുണ്ടായ മഴക്കെടുതി സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റിട്ടിരുന്നു. നാശനഷ്‌ടങ്ങളുണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി നേപ്പാളിനെ സഹായിക്കുന്നതിന് സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. ‘കനത്ത മഴ മൂലമുണ്ടായ ജീവഹാനിയും നാശനഷ്‌ടങ്ങളും ദുഃഖകരമാണ്. ഈ ദുഷ്‌കരമായ സമയത്ത് തങ്ങള്‍ നേപ്പാള്‍ ജനതയ്‌ക്കും സര്‍ക്കാരിനും ഒപ്പം നിലകൊള്ളുന്നു. നേപ്പാളിലേക്ക് ആവശ്യമായ എന്ത് സഹായവും ലഭ്യമാക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് നേപ്പാളിന് ഇന്ത്യ സഹായവുമായെത്തുന്നത് ഇതാദ്യമല്ല. 2015ൽ 8962 കൊല്ലപ്പെടുകയും 21,952 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത ഭൂകമ്പം, 2020ല്‍ 196 പേര്‍ കൊല്ലപ്പെടുകയും 188 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത വെള്ളപ്പൊക്കം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ദുരന്തങ്ങളില്‍ നേപ്പാളിനെ സഹായിക്കുന്നതില്‍ ഇന്ത്യ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
അഫ്‌ഗാനിസ്ഥാന് ആംബുലന്‍സും: നേപ്പാളിന് മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കും ഇന്ത്യയുടെ സഹായം എത്തുന്നുണ്ട്. അതിന് ഉദാഹരണമാണ് അടുത്തിടെ ഇന്ത്യയുടെ അഫ്‌ഗാനിസ്ഥാനിലേക്കുള്ള ആംബുലന്‍സ് നല്‍കല്‍. അഫ്‌ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് ആംബുലന്‍സ് കൈമാറിയത്. അഞ്ച് ആംബുലന്‍സുകളാണ് ഇന്ത്യ നല്‍കുമെന്ന് അറിയിച്ചത്. ആദ്യഘട്ടത്തില്‍ ഒരു ആംബുലന്‍സാണ് നല്‍കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് അമീര്‍ ഖാന്‍ മുത്തഖിക്ക് ആംബുലന്‍സ് കൈമാറിയത്.



