തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കടന്നതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിൽ തീ പിടുത്തമുണ്ടായതിനു പിന്നാലെ സുരേന്ദ്രനും ബിജെപി പ്രവർത്തകരും സെക്രട്ടേറിയറ്റിലെത്തി പ്രതിഷേധിച്ചിരുന്നു.
മറ്റ് എട്ട് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടുത്തമുണ്ടായത്.
അപകടം ആസൂത്രിതം തന്നെയെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ജുലൈ 13 ന് സെക്രട്ടേറിയറ്റിനകത്ത് അഗ്നിബാധ സാധ്യത സൂചിപ്പിച്ചുള്ള പൊതുഭരണ വകപ്പിന്‍റെ സർക്കുലർ ഇതിനുള്ള തിരക്കഥയാണ്. തീ പിടിക്കാതിരിക്കാൻ ജാഗ്രത നടപടി സ്വീകരിക്കണമെന്ന് സർക്കുലറിൽ പറയുന്നുണ്ട്. ചിഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
തീപിടുത്തം ഉണ്ടായപ്പോൾ പ്രധാന ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലന്ന് അഡീഷണൽ സെക്രട്ടറി എന്തടിസ്ഥാനത്തിലാണ് പറയുന്നത്. എല്ലാം ഇ ഫയൽ ആണോ ? അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ യാത്രാ വിവരങ്ങൾ കസ്റ്റംസ് ക്ലിയറൻസ് അടക്കം പുറത്ത് വിടാൻ തയ്യാറാകണം. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയപ്പോൾ മുഖ്യമന്ത്രി ഓടിയെത്തി. സെക്രട്ടറിയേറ്റിൽ എന്തുകൊണ്ട് വന്നില്ലെന്നും കെ സുരേന്ദ്രൻ ചോദിച്ചു.