കാലവർഷം അവസാനിക്കുന്നു; തുലാമഴയുടെ വരവറിയിച്ച് ചക്രവാത ചുഴി,

0
33

ഒക്‌ടോബർ പകുതിയോടെ തുലാ വർഷം. മുന്നോടിയായി ചക്രവാത ചുഴി. സംസ്ഥാനത്തെ വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനത്തെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ.

കാലവർഷത്തിൽ നിന്നും തുലാവർഷത്തിലേക്കുള്ള പരിവർത്തനം തുടങ്ങി. തുലാമഴയ്ക്ക് മുന്നേ തമിഴ്‌നാട് തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് പടിഞ്ഞാറോട്ട് നീങ്ങുന്ന സാഹചര്യത്തിൽ അടുത്ത രണ്ടു ദിവസം കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

തുടർന്നുള്ള ദിവസങ്ങളിലും മഴ സാധ്യത പ്രവചിക്കുന്നു. ഒക്ടോബർ മാസത്തിൻ്റെ സവിശേഷതയായി ഒരു ന്യൂനമർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇത് കാരണം ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോട് കൂടിയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.

ഒക്ടോബർ മാസത്തിൽ രണ്ടു സ്വഭാവത്തിലുമുള്ള (തെക്കു പടിഞ്ഞാറൻ കാലാവർഷം, തുലാവർഷം) മഴ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ പറഞ്ഞു. കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് തുടരുകയാണ്. തുലാവർഷത്തിന് മുന്നോടിയായി ഇത് അടുത്ത ആഴ്‌ചയോടെ വടക്കു -കിഴക്കൻ ദിശയിലേക്ക് മാറുമെന്നാണ് കരുതുന്നത്.

നിലവിൽ അഞ്ചു ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നീത കെ ഗോപാൽ വ്യക്തമാക്കി. ഇന്ന് കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്‌ച (09.10.2025) മലപ്പുറം, പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 10.10.2025 നു കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്‌ ജില്ലകളിലും 11.10.2025നു മലപ്പുറം, പാലക്കാട്‌ ജില്ലകളിലും മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തുലാവർഷ മഴ ഒക്ടോബർ പകുതിക്ക്

തുലാവർഷ മഴ ഒക്ടോബർ പകുതിക്ക് ശേഷം കേരളത്തിൽ ആരംഭിക്കുമെന്നാണ് സൂചന. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറി മെച്ചപ്പെട്ട തുലാമഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. എല്ലാ ജില്ലകളിലും മഴ ലഭിച്ച തെക്കു പടിഞ്ഞാറൻ കാലവർഷം ആണ് കഴിഞ്ഞു പോയത്. മികച്ച തുലാമഴ കൂടി ലഭിച്ചാൽ ജല സമ്പത്ത് കൂടും. ഒപ്പം കർഷകർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 112% തുലാ മഴയാണ് പ്രതീക്ഷിക്കുന്നത്.

കനത്ത മഴയും ഇടിമിന്നലും

കനത്ത മഴയും ഇടിമിന്നലുമാണ് തുലാവർഷത്തിൻ്റെ പ്രത്യേകത. ഉച്ചയ്ക്കു ശേഷമായിരിക്കും എപ്പോഴും മഴ ഉണ്ടാകുക. മിന്നലും ഇടിയും വൈകുന്നേരങ്ങളെ ഭയപ്പെടുത്തും. ഒക്ടോബർ മുതൽ ഡിസംബർ വരെ ആണ് തുലാ വർഷം. കാലവർഷം തെക്കു പടിഞ്ഞാറൻ മൺസൂൺ ആണെങ്കിൽ തുലാ വർഷം വടക്കു കിഴക്കൻ മൺസൂൺ ആണ്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് ഇക്കാലത്ത് കൂടുതൽ മഴ ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here