ആറ് പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യൻ വ്യോമാതിർത്തിക്ക് കാവലായിരുന്ന ഐതിഹാസിക പോർവിമാനമായ മിഗ്-21 വിരമിക്കുന്നു. ഇന്ത്യൻ വ്യോമസേനയിൽ മിഗ്-21-ന്റെ ഔദ്യോഗിക യാത്രയയപ്പ് ചണ്ഡീഗഡിൽ വെച്ച് വിപുലമായ ചടങ്ങുകളോടെ നടക്കും. മിഗ്-21 വിമാനങ്ങളുടെ പ്രവർത്തനം ഈ വരുന്ന സെപ്റ്റംബർ 26-ന് ഔദ്യോഗികമായി അവസാനിക്കും. വിടവാങ്ങൽ ചടങ്ങും വിമാനം ഡീകമ്മിഷൻ ചെയ്യുന്നതും ഉൾപ്പെടെയുള്ള പരിപാടികളോടെ ഇന്ത്യയുടെ വ്യോമശക്തിയുടെ ഒരു സുപ്രധാന അധ്യായം തന്നെയാണ് അവസാനിക്കുന്നത്. പാന്തേഴ്‌സ് എന്ന വിളിപ്പേരുള്ള 23-ാം നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ച് അന്തിമ യാത്രയയപ്പ് നൽകും.
എയർ ചീഫ് മാർഷൽ എപി. സിംഗ് “ബാദൽ 3” എന്ന കോൾ സൈനിൽ സ്ക്വാഡ്രണിന്റെ അവസാന പറക്കൽ നടത്തും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങുകൾ 8,000 അടി ഉയരത്തിൽ നിന്ന് വ്യോമസേനയുടെ എലൈറ്റ് സ്കൈഡൈവിംഗ് ടീമായ ‘ആകാശ് ഗംഗ’യുടെ അഭ്യാസപ്രകടനത്തോടെ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുടർന്ന് മിഗ്-21 വിമാനങ്ങളുടെ ഗംഭീരമായ ഫ്ലൈപാസ്‌റ്റ് നടക്കും, 23 നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ ലീഡർ പ്രിയ ശർമ്മയും ചരിത്ര ദൗത്യത്തിന്റെ ഭാഗമായി മിഗ് 21 അവസാനമായി പറത്തുന്നവരുടെ കൂട്ടത്തിൽ ഉണ്ടാവും. കൂടെ എയർ വാരിയർ ഡ്രിൽ ടീമിന്റെ കൃത്യതയാർന്ന പ്രകടനവും വ്യോമാഭിവാദ്യവും ഇതിന് അകമ്പടിയായി തന്നെ നടക്കും. മൂന്ന് വിമാനങ്ങൾ ഉൾപ്പെടുന്ന ഫോർമേഷനിലും നാല് വിമാനങ്ങളുള്ള ‘പാന്തർ’ ഫോർമേഷനിലും ഫൈറ്റർ പൈലറ്റുമാർ അവസാനമായി ആകാശത്ത് കൂടി പക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കാൻ സൂര്യ കിരൺ എയറോബാറ്റിക് ടീമിന്റെ വിസ്‌മയിപ്പിക്കുന്ന പ്രകടനവും ചടങ്ങിന്റെ ഭാഗമായി ഉണ്ടാവും.
ഇന്ത്യയുടെ 1965, 1971 യുദ്ധങ്ങൾ, 1999-ലെ കാർഗിൽ സംഘർഷം, 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണങ്ങൾ എന്നിവയിൽ നിർണായക പങ്ക് വഹിച്ച യുദ്ധ വിമാനങ്ങളാണ് മിഗ് 21. ഈ ആറ് പതിറ്റാണ്ട് കാലത്തെ സുദീർഘമായ സേവനങ്ങൾ അവസാനിപ്പിച്ച് മിഗ് 21 നിലത്ത് വിശ്രമിക്കുമ്പോൾ ഇന്ത്യൻ വ്യോമസേനയിൽ ഒരു സുപ്രധാന യുഗത്തിന് അന്ത്യമാവുകയാണ്. ഇവയുടെ വിരമിക്കലിന്റെ സ്‌മരണയ്ക്കായി ഒരു പ്രത്യേക പോസ്‌റ്റൽ സ്‌റ്റാമ്പ് പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ ഐതിഹാസികമായ മിഗ്-21 യുദ്ധവിമാനത്തിന്റെ വിടവാങ്ങൽ ചടങ്ങിലെ ഫ്ലൈപാസ്‌റ്റിൽ ശ്രദ്ധാ കേന്ദ്രമാവുകയാണ് സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മ. ആറ് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് വിരാമമിട്ട് ഈ യുദ്ധവിമാനം വിരമിക്കുമ്പോൾ ചണ്ഡീഗഡ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ച് നടക്കുന്ന ഈ വിടവാങ്ങൽ ചടങ്ങിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. 1963-ൽ മിഗ്-21 ആദ്യമായി വ്യോമസേനയുടെ ഭാഗമായതും ഇവിടെ വച്ച് തന്നെയാണ്
ചടങ്ങിന്റെ ഡ്രസ് റിഹേഴ്‌സലിൽ ഉൾപ്പെടെ പ്രിയ ശർമ്മ പങ്കെടുത്തിരുന്നു. 23-ാം നമ്പർ സ്ക്വാഡ്രണിലെ ആറ് ജെറ്റുകളാണ് ഈ വിടവാങ്ങൽ ഫ്ലൈപാസ്റ്റിൽ അണിനിരക്കുന്നത്. വിമാനങ്ങൾ നിലത്തിറങ്ങുമ്പോൾ വാട്ടർ കാനൻ സല്യൂട്ട് നൽകി ആദരിക്കും. ( ആചാരപരമായ ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ ഉപയോഗിക്കുന്ന ഒരു ചടങ്ങാണ് വാട്ടർ സല്യൂട്ട്. ബഹുമാനത്തിന്റെയോ അഭിനന്ദനത്തിന്റെയോ അടയാളമായി , ഒന്നോ അതിലധികമോ അഗ്നിശമന വാഹനങ്ങൾ പുറന്തള്ളുന്ന വെള്ളക്കെട്ടുകൾക്കടിയിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തെയാണ് ഇത് സാധാരണയായി ഉൾക്കൊള്ളുന്നത്). മിഗ്-21 പോർവിമാനത്തിന്റെ ചരിത്രം സോവിയറ്റ് യൂണിയൻ രൂപകൽപ്പന ചെയ്‌ത 1963ൽ ആദ്യമായി പുറത്തിറക്കിയ മിഗ്-21 വളരെ മെലിഞ്ഞതും, ഉയരത്തിൽ അതിശയിപ്പിക്കുന്ന വേഗതയുള്ളതും, അതി വേഗതയിൽ പറക്കാൻ കഴിവുള്ളതുമായ ഒരു പോർവിമാനമായിരുന്നു. സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ മുതൽ ഈജിപ്‌ത്, ഇറാഖ്, വിയറ്റ്നാം വരെ 50 ലധികം വ്യോമസേനകളുമായി പറന്ന ജെറ്റ് ചരിത്രത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിച്ച് വന്നിരുന്ന സൂപ്പർസോണിക് ജെറ്റുകളിൽ ഒന്ന് കൂടിയായിരുന്നു മിഗ്-21. ഇന്ത്യൻ വായുസേനയുടെ 16 സ്ക്വാഡ്രണുകൾ മിഗ്-21 ഉപയോഗിച്ചു പ്രവർത്തിക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ല് കാലപ്പഴക്കം ചെന്ന ഇത്തരം 300 മിഗ്-21 കളോ അവയുടെ വകഭേദങളൊ ആണ്.







