2000 കിലോ മീറ്റര്‍ വരെ ദൂരപരിധി, “അഗ്നിയായി” പറന്നിറങ്ങാൻ ഇന്ത്യയുടെ അഗ്നി പ്രൈം

0
29

അഗ്നി-പ്രൈം മിസൈലിൻ്റെ വിജയകരമായ പരീക്ഷണത്തോടെ പ്രതിരോധ മേഖലയില്‍ സുപ്രധാന നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ. റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്ന് ഇന്ത്യ അഗ്നി-പ്രൈം മിസൈലിൻ്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്‌ച അറിയിച്ചു. പ്രത്യേകം രൂപകൽപ്പന ചെയ്‌ത റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് നടത്തുന്ന ആദ്യ വിക്ഷേപണമാണിത്. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അത്യാധുനിക മിസൈല്‍ സംവിധാനമാണ് രാജ്യം വിജയകരമായി പരീക്ഷിച്ചത്.

2,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മിസൈലിൽ വിവിധ നൂതന സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു, റെയിൽ നെറ്റ്‌വർക്കിലൂടെ സഞ്ചരിക്കാനുള്ള കഴിവ് ഇതിനുണ്ട്, കുറഞ്ഞ സമയത്തിനുള്ളിൽ വിക്ഷേപണവും സാധ്യമാകുന്നു” രാജ്‌നാഥ് സിങ് എക്‌സ് പോസ്റ്റിൽ പറഞ്ഞു. “ഇൻ്റർമീഡിയറ്റ് റേഞ്ച് അഗ്നി-പ്രൈം മിസൈലിൻ്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് (എസ്‌എഫ്‌സി), സായുധ സേന എന്നിവയ്ക്ക് അഭിനന്ദനങ്ങൾ,” സിങ് പറഞ്ഞു.

ഒഡീഷയിലെ ബാലസോറിലെ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം എല്ലാ ലക്ഷ്യങ്ങളും നിറവേറ്റിയതായും പ്രതിരോധ മന്ത്രി വ്യക്തമാക്കി. പ്രത്യേകം രൂപകൽപ്പന ചെയ്‌ത റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് നടത്തിയ ഈ വിജയകരമായ പരീക്ഷണം ഏറെ പ്രാധാന്യമുള്ളതാണെന്നും നിലവിൽ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ഈ സംവിധാനം ഉള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വിപ്ലവകരമായ റെയിൽ മൊബിലിറ്റി

റെയിൽ അധിഷ്‌ഠിത ലോഞ്ചറിൽ ഘടിപ്പിച്ച സ്റ്റാറ്റിക് ട്രെയിൻ കോച്ചുകൾ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ആദ്യ പരീക്ഷണം നടത്തിയത്. യാതൊരു നിയന്ത്രണവുമില്ലാതെ തന്നെ രാജ്യത്തിൻ്റെ റെയിൽവേ ശൃംഖലയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാൻ ഈ സംവിധാനത്തിന് കഴിയും. ഇത് സായുധ സേനയ്ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മിസൈലുകൾ വിക്ഷേപിക്കാനുള്ള കഴിവ് നൽകുന്നു. ഇന്ത്യയുടെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

അഗ്നി-പ്രൈം മിസൈലിൻ്റെ സവിശേഷതകൾ

അഗ്നി-പ്രൈം, ഏകദേശം 2,000 കിലോമീറ്റർ പരിധിയുള്ള ഒരു നൂതന അടുത്ത തലമുറ ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ്. അഗ്നി മിസൈൽ പരമ്പരയുടെ മുൻ പതിപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ കൃത്യത, വിശ്വാസ്യത, പ്രവർത്തനക്ഷമത എന്നിവ നൽകുന്നു.

നിരവധി ആധുനിക സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ പരീക്ഷണത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഭാവിയിൽ മറ്റ് അഗ്നി-ക്ലാസ് മിസൈലുകളിലും പ്രയോഗിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here