ബെയ്‌ജിങ് (ടിയാൻജിൻ): ഭീകരവാദത്തിനെതിരെ നിലകൊള്ളണമെന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ കൗൺസിൽ (എസ്‌സിഒ) അംഗങ്ങളുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് എല്ലാ രാജ്യങ്ങളോട് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിൻ്റെ ആഘാതം സഹിച്ചുവരികയാണ്. അടുത്തിടെ, പഹൽഗാമിൽ തീവ്രവാദത്തിൻ്റെ ഏറ്റവും മോശം വശം നമ്മൾ കണ്ടു. ഈ ദുഃഖസമയത്ത് നമ്മോടൊപ്പം നിന്ന സൗഹൃദ രാജ്യത്തിന് താൻ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയിൽ ഇരട്ടത്താപ്പ് സ്വീകാര്യമല്ലെന്ന് നമുക്ക് വ്യക്തമായും ഏകകണ്ഠമായും പറയേണ്ടതുണ്ട്. ഈ ആക്രമണം എല്ലാവർക്കുമുള്ള തുറന്ന വെല്ലുവിളിയായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു, “ഞങ്ങൾക്ക് ഗംഭീരമായ സ്വീകരണം നൽകിയതിന്” പ്രസിഡൻ്റ് ഷി ജിൻപിങ്ങിനോട് നന്ദി പറഞ്ഞു. 25-ാമത് ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) തലവന്മാരുടെ കൗൺസിൽ ഉച്ചകോടിയുടെ പ്ലീനറി സെഷനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയാണ്. തുടർന്ന് അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 50 ശതമാനം നികുതി ചുമത്തിയ ട്രംപ് ഭരണകൂടത്തിൻ്റെ നടപടിക്ക് പിന്നാലെയാണ് മോദി പുടിനുമായി ചര്‍ച്ച നടത്തുന്നത്. അതുകൊണ്ട് തന്നെ ലോകം ഉറ്റുനോക്കുന്ന നിര്‍ണായകമായ ഉഭയകക്ഷി കൂടിക്കാഴ്‌ചയായിരിക്കും ഇത്.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. യുക്രെയ്‌നെതിരായ യുദ്ധത്തിന് റഷ്യയ്‌ക്ക് സഹായം നല്‍കുകയാണെന്ന് ഇന്ത്യയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. യുക്രെയ്‌ൻ യുദ്ധത്തെ “മോദിയുടെ യുദ്ധം” എന്ന് ട്രംപിൻ്റെ വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോ വിശേഷിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ രാജ്യത്തിന്‍റെ താല്‍പര്യങ്ങള്‍ക്കാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.
അതിർത്തി നിയന്ത്രണം സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ തമ്മിൽ ധാരണയായിട്ടുണ്ട്. കൈലാഷ് മാനസരോവർ യാത്ര പുനരാരംഭിച്ചതായും, ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലെയും ചൈനയിലെയും 280 കോടി ജനങ്ങളുടെ ക്ഷേമം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ഇത് മനുഷ്യരാശിയുടെയാകെ ക്ഷേമത്തിനു കാരണമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചൈന, റഷ്യ, ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് എസ്‌സിഒയിൽ അംഗങ്ങൾ. ലോക ജനസംഖ്യയുടെ 40% ഈ രാജ്യങ്ങളിലാണ്.






