കിണറിലെ വെള്ളത്തിൽ നിന്നാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിന് രോഗം പിടിപ്പെട്ടത് എന്നാണ് സ്ഥിരീകരണം.
കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് വലിയ ആശങ്കയായി. ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാൽപതുകാരനുമാണ് രോഗം സ്ഥിരീകരിച്ചിത്. ഇരുവരും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കിണറിലെ വെള്ളത്തിൽ നിന്നാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിന് രോഗം പിടിപ്പെട്ടത് എന്നാണ് സ്ഥിരീകരണം. ചതുപ്പ് നിലത്തോട് ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്. കിണർ വെള്ളം വറ്റിച്ച് ക്ലോറിനേഷൻ നടത്തും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. കുളങ്ങൾ, കിണറുകൾ എന്നിവയിലെ സാമ്പിളുകൾ പരിശോധനക്ക് അയക്കുന്നുണ്ടെന്ന് ഡിഎംഒ കെ കെ രാജറാം അറിയിച്ചു. വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
അടുത്തിടെ താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒമ്പത് വയസുകാരിയായ അനയ മരിച്ചിരുന്നു. അനയയുടെ സഹോദരങ്ങളും അച്ഛൻ്റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പരിശോധനയിൽ വൈറൽ പനി മാത്രമാന്ന് ഇവർക്കെല്ലാം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
97 ശതമാനം മരണ നിരക്കുള്ള രോഗമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം. ഇതിനകം കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികളും ഒരു യുവതിയും മരണത്തിന് കീഴടങ്ങിയിരുന്നു. ജ്വരം ബാധിച്ച് 22 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ തിക്കോടി സ്വദേശി അഫ്‌നാന്‍ ജീവിതത്തിലേക്ക് വന്നത് രാജ്യത്തെ ആദ്യത്തെ സംഭവമായിരുന്നു.
’തലച്ചോറ് ഭക്ഷിക്കുന്ന അമീബ’ എന്നറിയപ്പെടുന്ന നെയ്ഗ്ലെരിയ ഫൗളേറി (Naegleria fowleri) എന്ന ഏകകോശ ജീവി മൂലം തലച്ചോറിൽ ഉണ്ടാകുന്ന അണുബാധയാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം. കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയാക്കാത്ത കുളങ്ങൾ, കനാലുകൾ, സ്വിമ്മിങ് പൂളുകൾ തുടങ്ങിയ ഇടങ്ങളിൽ ഇവയുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്.
മലിനമായ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗാണുക്കൾ തലച്ചോറിൽ എത്തുന്നത്. വെള്ളം കുടിക്കുന്നത് വഴി രോഗം വരില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. അമീബ ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 9 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗ ലക്ഷണങ്ങൾ
കടുത്ത തലവേദന, പനി, ഛർദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അസഹ്യമായ വേദന എന്നിവയാണ് രോഗ ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ്, മണക്കാനുള്ള ശേഷി നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിസംഗത എന്നിവയും പ്രധാന ലക്ഷണങ്ങളാണ്. ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമല്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മരണനിരക്ക് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനം.
- കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക.
- ശുദ്ധമല്ലാത്ത വെള്ളത്തിൽ നീന്തുമ്പോൾ, വെള്ളം മൂക്കിലേക്ക് കയറുന്നത് ഒഴിവാക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
- സ്വകാര്യ കിണറുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
- കുടിവെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക.
- രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
അതേസമയം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച യുവതികൾക്ക് ജലാശയങ്ങളായുമായി യാതൊരു ബന്ധവുമില്ലായിരുന്നു. പുഴയിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റതിൻ്റെയോ, തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയതിൻ്റെയോ മെഡിക്കൽ റിപ്പോർട്ടുമുണ്ടായിരുന്നില്ല.
സാധാരണ ഗതിയിൽ രോഗം പിടിപെടാൻ സാഹചര്യമില്ലാത്തവർക്ക് അമീബിക് മസ്‌തിഷ്‌ക ജ്വര രോഗബാധയേറ്റത് അത്ഭുതപ്പെടുത്തിയിരുന്നു. രോഗം പടർന്നത് എങ്ങിനെയെന്നതിൽ ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.







