ഓപ്പണ്‍ എഐ സിഇഒ സാം ആൾട്ട്മാൻ
ചാറ്റ് ജിപിടിയുടെ പുതിയ ഫീച്ചറായ ജിപിടി-5 ലോഞ്ച് ചെയ്യുന്നതിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി: നിലവിൽ ഓപ്പൺ എഐയുടെ രണ്ടാമത്തെ ഏറ്റവും വലിയ വിപണന കേന്ദ്രമാണ് ഇന്ത്യ. നിര്‍മിതബുദ്ധി (എഐ) ചാറ്റ്‌ബോട്ടിൻ്റെ ഏറ്റവും പുതിയ വകഭേദമായ ജിപിടി-5 ഓപ്പൺഎഐയുടെ വരവോടെ ഇന്ത്യ ആഗോള വിപണിയായി ഉയരുമെന്ന് സിഇഒ സാം ആൾട്ട്മാൻ. ചാറ്റ് ജിപിടിയുടെ പുതിയ ഫീച്ചറായ ജിപിടി-5 ലോഞ്ച് ചെയ്യുന്നതിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസിനുശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ, ഇത് നമ്മുടെ ഏറ്റവും വലിയ വിപണിയായി മാറിയേക്കാം. ഇത് അവിശ്വസനീയമാംവിധം വേഗത്തിൽ വളരുന്നു” എന്ന് സാം ആൾട്ട്മാൻ പറഞ്ഞു. ഇന്ത്യയിലെ ആളുകൾ എഐ ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഇന്ത്യൻ പൗരന്മാരും ബിസിനസുകളും എഐ സ്വീകരിക്കുന്നതിൻ്റെ വേഗതയെ അദ്ദേഹം പ്രശംസിച്ചു.
സാം ആൾട്ട്മാൻ വരുന്നു, ഇന്ത്യ സന്ദർശിക്കാൻ
ഇന്ത്യ സന്ദർശനത്തിന് ഒരുങ്ങി സാം ആൾട്ട്മാൻ. ഈ വരുന്ന സെപ്‌റ്റംബറിലാണ് ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹം വരുന്നത്. ഇന്ത്യ കാണാൻ താൻ ഭയങ്കര ആവേശത്തിലാണെന്നും തായാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും സാം ആൾട്ട്മാൻ കൂട്ടിച്ചേർത്തു. ജിപിടി-5 ൻ്റെ ഉദ്ഘാടന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലേക്ക് ഉത്‌പന്നങ്ങൾ കൊണ്ടുവരുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഐ കൂടുതൽ ഉപയോഗപ്രദവും എല്ലാവർക്കും സൗജന്യമായി നൽകുമെന്നും സാം ആൾട്ട്മാൻ പറഞ്ഞു. പ്രാദേശിക പങ്കാളികളുമായി പ്രവർത്തിക്കുന്നുണ്ടെന്നും വളർച്ചാ നിരക്ക് കണക്കിലെടുത്ത് തങ്ങൾ ഇവിടെ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഡിപി വളർച്ചയിൽ എഐയുടെ പങ്ക്
വരും വർഷങ്ങളിൽ ഇന്ത്യയുടെ ജിഡിപി വികസനത്തിൽ എഐ വളരെയധികം സ്വാധീനം ചെയുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് പ്രകാരം, 2022 – 2023 വർഷങ്ങളിൽ ഇന്ത്യയുടെ ജിഡിപി 7.4% ആയി വർധിക്കുമെന്നായിരുന്നു കണ്ടെത്തല്‍.
2035 ആകുമ്പോഴേക്കും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ 957 ബില്യൺ ഡോളർ വളർച്ച കൈവരിക്കാൻ സഹായിക്കും. ഈ വർഷം 5 ട്രില്യൺ ഡോളർ ലാഭം ഉണ്ടാകും എന്നാണ് പ്രവചനം. ലോക സാമ്പത്തിക ഫോറത്തിന്‍റെ ഒരു പ്രവചനം അനുസരിച്ച്, അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 40 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ വരും. അതോടെ ജിഡിപി വളർച്ചയിൽ ഗണ്യമായ മാറ്റം ഉണ്ടാകും. നിര്‍മ്മിത ബുദ്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയേയും തൊഴിൽ വിപണിയേയും സമൂഹത്തെയും രൂപപ്പെടുത്തുന്നതിനൊപ്പം തന്നെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.





