അക്വാപോണിക്‌സ് ജലകൃഷി : പച്ചക്കറിക്കൊപ്പം മീന്‍ വളര്‍ത്തലും

0
73

വിദേശരാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷി കേരളത്തിലും വ്യാപിപ്പിക്കാന്‍ സമുദ്രോത്പന്നകയറ്റുമതി വികസന അതോറിട്ടി(എം.പി.ഇ.ഡി.എ.)യുടെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങി. അര സെന്റ് സ്ഥലത്തും വിജയകരമായി ചെയ്യാവുന്ന നൂതനകൃഷിരീതിക്ക് പ്രചാരം നല്‍കാനുള്ള ശ്രമത്തിലാണ് കൊച്ചിയിലെ ജലകൃഷി പ്രാദേശിക കേന്ദ്രം.

മണ്ണും കീടനാശിനിയും രാസവളവുമില്ലാതെയാണ് കൃഷി. ടാങ്കില്‍ മീനുകളും അതിനു മുകളിലോ അരികിലോ പച്ചക്കറിയും അലങ്കാരസസ്യങ്ങളും എന്ന രീതിയിലാണ് കൃഷി. കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാം. ടാങ്കിനു മുകളിലോ അരികില്‍ പ്രത്യേക റാക്കുകള്‍ സ്ഥാപിച്ചോ പച്ചക്കറി കൃഷിചെയ്യാം. എറണാകുളം ,പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഈ രീതിയില്‍ ഇപ്പോള്‍ കൃഷി തുടങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളിലും വ്യാപിപ്പിക്കാനാണ് ശ്രമം. സിമന്റ് ടാങ്കിലും പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ രീതിയില്‍ കൃഷിചെയ്യാം. കൃഷിയോട് താത്പര്യമുള്ള സ്വന്തമായി അധികം സ്ഥലമില്ലാത്തവര്‍ക്കും ഉപജീവനത്തിന് വഴി കണ്ടെത്താനാവുംവിധം മീനും പച്ചക്കറിയും കൃഷിചെയ്യാമെന്ന് കൊച്ചി എം.പി.ഡി.ഇ.എ. ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഷാജി പറഞ്ഞു.
അഞ്ച് സെന്റ് സ്ഥലമുള്ള ഒരാള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഇത് വിജയകരമായി ചെയ്യാം. നഗരങ്ങളില്‍ കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും മീനും ഉണ്ടാക്കാമെന്നതുകൂടാതെ വരുമാനമാര്‍ഗവുമാകും. സംസ്ഥാനത്ത് നാല് ജില്ലകളിലായി 12 പേര്‍ ഈ രീതിയില്‍ കൃഷി നടത്തുന്നുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 800 പേര്‍ക്ക് അക്വാപോണിക്‌സ് ജലകൃഷിയെക്കുറിച്ച് ബോധവത്കരണം നല്‍കി. ബോധവത്കരണ ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് പിന്നീട് മൂന്ന് ദിവസത്തെ പ്രത്യേക പരിശീലനം നല്‍കും.
ആയിരം ലിറ്ററിന്റെ ടാങ്കില്‍ കൃഷി നടത്താന്‍ 12,000 രൂപയാണ് ചെലവ് .വീട്ടാവശ്യത്തിനാണെങ്കില്‍ 5000 രൂപ ചെലവിലും ചെയ്യാം. നിലവിലുള്ള കോണ്‍ക്രീറ്റ് ടാങ്കുകളും ഉപയോഗിക്കാം. ഭക്ഷ്യയോഗ്യമായ ഏതിനം മീനും ഇത്തരത്തില്‍ വളര്‍ത്താം. അക്വാപോണിക്‌സ് ജലകൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതി രൂപരേഖയായിട്ടില്ല. അതുവന്നാലേ കര്‍ഷകര്‍ക്ക് സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ കിട്ടൂ.
കൃഷി വ്യാപിപ്പിക്കാനും കര്‍ഷകര്‍ക്ക് പ്രോത്സാഹകമായ പദ്ധതികള്‍ തയ്യാറാക്കാനും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. താത്പര്യമുള്ള കര്‍ഷകര്‍ ബന്ധപ്പെട്ടാല്‍ എല്ലാ ജില്ലകളിലും ബോധവത്കരണവും പരിശീലനവുംനടത്തും. ഫോണ്‍: കൊച്ചി8547905872, കണ്ണൂര്‍ പ്രാദേശിക സെന്റര്‍04972707672.

LEAVE A REPLY

Please enter your comment!
Please enter your name here