സപ്ലൈക്കോയുടെ ഓണം മെഗാ ഫെയർ ആരംഭിക്കുന്നു സാധാരണക്കാർക്ക് ആശ്വാസം,

0
68

ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ എല്ലാ ജില്ലകളിലും സപ്ലൈക്കോ ഓണം മെഗാ ഫെയർ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്.

തിരുവനന്തപുരം: ഓണക്കാലത്ത് അരി, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്‌ക്ക് ലഭ്യമാക്കാൻ സപ്ലൈക്കോ ഓണം ഫെയർ. എല്ലാ ജില്ലകളിലും ഓണം ഫെയറുകളും നിയോജക മണ്ഡലങ്ങളിൽ പ്രത്യേക ഓണച്ചന്തകളും സംഘടിപ്പിക്കും. ഓണം ഫെയറിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ 10 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഓണം ഫെയറുകളാണ് സംഘടിപ്പിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. ഓഗസ്റ്റ് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളിലൂടെ അരിയും ഭക്ഷ്യവസ്‌തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്രദേശങ്ങളിലേക്ക് എത്തിക്കുമെന്നും സെക്രട്ടേറിയറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരി സബ്‌സിഡി നിരക്കിൽ സപ്ലൈകോ നിലവിൽ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. എ എ വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ നൽകുമെന്നും ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വിലകുറവ് ഏതെല്ലാം സാധനങ്ങൾക്ക്

സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും, സബ്‌സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എം ആർ പിയേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കും. സൺഫ്ലവർ ഓയിൽ, പാം ഓയിൽ, തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.

വൻപയർ, തുവരപ്പരിപ്പ് എന്നീ ഇനങ്ങളുടെ വിലയും കുറച്ചു. വൻ പയറിന് 75 രൂപയിൽ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയിൽ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിൻ്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർധിപ്പിച്ചു. (കിലോയ്ക്ക് 115.5/ രൂപ അര കിലോയ്ക്ക് 57.50/ രൂപ) വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്‌സിഡി സാധനങ്ങളും ഇപ്പോൾ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്.

ഓണക്കാലത്ത് മുഴുവൻ സബ്‌സിഡി സാധനങ്ങളും തടസമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സേമിയ/പാലട പായസം മിക്‌സ് (200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട വടിയരി, മട്ട ഉണ്ടയരി എന്നിവ പുറത്തിറക്കും. അരി നേരിട്ട് തെരഞ്ഞെടുത്ത്, മില്ലുകൾ വഴി സംസ്‌കരിച്ച് പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് പുട്ടുപൊടിയും അപ്പം പൊടിയും ശബരി ബ്രാൻഡിൽ വിപണനം ചെയ്യാനും പദ്ധതിയുണ്ട്.

10% – 50% വിലക്കുറവിൽ

പുതിയ ഉൽപ്പന്നങ്ങൾ ആഗസ്റ്റ് 18 ന് സപ്ലൈകോ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. 32 മേജർ കമ്പനികളിൽ നിന്നുമായി 288 ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോടെ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണക്കാലത്ത് ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.

സപ്ലൈകോ – പ്രീമിയം ഔട്ട് ലെറ്റുകൾ

സപ്ലൈകോയുടെ 3 പ്രധാന ഔട്ട് ലെറ്റുകൾ ഈ വർഷം സിഗ്‌നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട് ലെറ്റുകൾ ആക്കി മാറ്റും. ഓണക്കാലത്ത് തലശ്ശേരി ഹൈപ്പർമാർക്കറ്റ്, സിഗ്‌നേച്ചർ മാർട്ട് ആക്കി മാറ്റിക്കൊണ്ടാണ് ഈ വലിയ മാറ്റത്തിന് തുടക്കമാവുക. സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ് എന്നിവയും സിഗ്‌നേച്ചർ മാർട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിങ്‌ അനുഭവം ഉപഭോക്താവിന് നൽകുകയാണ് സിഗ്‌നേച്ചർ മാർട്ടിൻ്റെ ലക്ഷ്യം. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വിൽപനയാണ് നടന്നത്. ഇത്തവണ 250 കോടിയിൽ കുറയാത്ത വിൽപനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

സമൃദ്ധി കിറ്റ്

ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവർക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കി. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും.

കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 2500രൂപയിലധികം സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കായി ഒരു ലക്കി ഡ്രോ നടത്തും. ഒരു പവൻ സ്വർണ നാണയമടക്കം വിവിധ സമ്മാനങ്ങൾ വിജയികൾക്ക് നൽകും. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകൾ ദിവസേന നടത്തി വിജയികൾക്ക് വെളിച്ചെണ്ണയടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here