ഡറ്റ്യൂറാ മെറ്റല്‍ ലിന്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നീല ഉമ്മവും (കറുത്തുമ്മം), ഡറ്റ്യൂറാസ്ട്രാമോണിയം ലിന്‍ എന്ന വെളുത്തുമ്മവും സസ്യശാസ്ത്രത്തില്‍ സോളനേസിയേ സസ്യ കുടുംബാഗങ്ങളാണ്. ഇംഗ്ലീഷ് പേര് തോണ്‍ ആപ്പിള്‍. എല്ലാ ഭാഗങ്ങളും ലഹരിജന്യവും കൂടിയ അളവില്‍ സേവിച്ചാല്‍ ഉന്മാദവും മരണം തന്നെയും ഉണ്ടാക്കാനിടയുള്ള ഈ ഏകവര്‍ഷ കുറ്റിച്ചെടിയുടെ പ്രധാന സംസ്കൃത പേരുകള്‍ ദത്തുരം, ധുസ്തുര, കനകം എന്നിവയാണ്.
വേരിലും ഇലയിലും വിത്തിലുമുള്ള പ്രധാന ആല്‍ക്കലോയിഡുകള്‍ ഹയോസൈന്‍ അഥവാ സ്കോപോലമൈന്‍, ഹയോസമൈസ, വിഷവസ്തുവായ ഡറ്റ്യൂറിസ നിക്കോടിടയാനമെന്‍, അട്രോപിന്‍ മുതലായവയാണ്. ഇലയേക്കാള്‍ വിഷശക്തി വിത്തിനും കനം കൂടി വേരിനേക്കാള്‍ വിഷശക്തി കനം കുറഞ്ഞ വേരിനുമാണ്. ഉമ്മത്തിന്‍റെ ഡോസു കൂടിയാല്‍ മറുമരുന്നായി ചന്ദനം അരച്ചു കരിക്കിന്‍വെള്ളത്തില്‍ നല്കാം. അല്ലെങ്കില്‍ പാലില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.
ചികിത്സാവിധികള്‍
നീര്‍ക്കെട്ട് നിവാരിണി
ഉമ്മത്തിന്‍റെ ഇല അരച്ച് കുഴന്പാക്കി ലേപനം ചെയ്യുകയോ ഇലയിട്ട് എണ്ണകാച്ചി പുരട്ടുകയോ വിത്ത് അരച്ച് നല്ലെണ്ണ കൂട്ടി കുഴന്പിടുകയോ ചെയ്താല്‍ വാതസംബന്ധമായ സന്ധിനീര്, നടുവേദന, ഗ്രന്ഥിവീക്കം, ഞരന്പുവലി, ഇടുപ്പ് വാതം, ശരീര വേദന മുതലായവ ശമിക്കും. ഉമ്മത്തില നീരും കരിനൊച്ചിയില നീരും ഉപ്പിന്‍റെ തെളിയും കുറെ ഭസ്മവും കൂട്ടിക്കുഴച്ചു പുരട്ടിയാല്‍ ചതവ്, വീക്കം, ഉളുക്ക് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഉള്ളിലെ അരികളഞ്ഞ ഉമ്മത്തിന്‍കായില്‍ തേങ്ങാപ്പീര നിറച്ച് അടച്ച് അമൃതിലയില്‍ പൊതിഞ്ഞ് തേങ്ങാപ്പാലില്‍ പുഴുങ്ങി വെണ്ണയും ചെഞ്ചല്യവും കൂടി അരച്ച് കുഴന്പാക്കി പുരട്ടിയാല്‍ മുന്‍പറഞ്ഞ അസുഖങ്ങള്‍ ശമിക്കും. നീര് വലിയാന്‍ ഉമ്മത്തിന്‍റെ ഇലയും അല്പം ഇന്തുപ്പും കൂടി കാടിയില്‍ അരച്ച് പുരട്ടുക. അരി നീക്കിയ ഉമ്മത്തിന്‍കായില്‍ കറിയുപ്പ് നിറച്ച് ആവിയില്‍ വെന്ത് അരച്ചിട്ടാല്‍ എല്ലാ നീരും ശമിക്കും. തിളപ്പിച്ചാറ്റിയ ഉമ്മത്തില നീരുകൊണ്ട് ധാര കോരിയാല്‍ രക്തവാതപ്പെരുവിനും നീരിനും ആശ്വാസം ലഭിക്കും. വാതം മൂലം കൈ പൊക്കുന്നതിനു പ്രയാസമുണ്ടാക്കുന്ന അപബാഹുകം സുഖമാക്കാന്‍ ഉമ്മത്തില നീരില്‍ വെണ്ണചേര്‍ത്ത് കുഴന്പാക്കി അതില്‍ ഇന്തുപ്പും ചെഞ്ചല്യവും പൊടിച്ചു യോജിപ്പിച്ചു പുരട്ടുക. സ്തനവീക്കം മാറാന്‍ ഉമ്മത്തിന്‍കായ് പിഴിഞ്ഞെടുത്ത നീരും പുളിയും കൂടെ യോജിപ്പിച്ചു പുരട്ടുകയോ ഉമ്മത്തില തീയില്‍ വാട്ടി പതിക്കുകയോ ചെയ്യുക. പുരുഷന്മാരിലെ വൃഷ്ണവീക്കം മാറാനും ഈ ചികിത്സ ഉപകരിക്കും. ഉമ്മത്തിന്‍കായ് നെടുകെ മുറിച്ച് വിത്തുകള്‍ നീക്കി ഒരു പാതിയില്‍ എള്ളും മറ്റേ പാതിയില്‍ ശതകുപ്പയും നിറച്ച് അമൃതില കൊണ്ട് പൊതിഞ്ഞ് കറുക കൊണ്ട് കെട്ടി, പാലില്‍ വെന്ത് അരച്ചിട്ടാല്‍ കറവമാടുകളുടെ മൂലയില്‍ നിന്നും പഴുപ്പ് വരുന്നതു മാറും. ഉമ്മത്തില അരച്ച് സമം അരിമാവും ചേര്‍ത്ത് യോജിപ്പിച്ച് കുറുക്കി ചെറു ചൂടോടെ പുരട്ടിയാല്‍ വാതനീര് മാറും.
വേദന സംഹാരി, ഉന്മാദനാശിനി
ഉമ്മത്തില്‍ പൂവ് ചതച്ച് പല്ലിന്‍റെ ദ്വാരത്തില്‍ വയ്ക്കുകയോ വിത്ത് പൊടിച്ച് പഞ്ഞിയില്‍ പുരട്ടി വേദനയുള്ളിടത്ത് വയ്ക്കുകയോ ചെയ്താല്‍ പല്ലുവേദന ശമിക്കും. ഉമ്മത്തില നീര്‍ പല്ലുവേദനയ്ക്കും ചെവിവേദനയ്ക്കും ഫലപ്രദമായി ഉപയോഗിക്കാം. നീല ഉമ്മത്തിന്‍റെ വിത്ത് എള്ളെണ്ണയില്‍ അരച്ച് ചെറുചൂടില്‍ നെറ്റിയില്‍ കുഴന്പു വടിച്ചാല്‍ തലവേദന മാറും. ഒരു ദിവസം ഗോമൂത്രത്തിലിട്ട് ശുദ്ധിചെയ്തെടുത്ത രണ്ടു വിത്തുകള്‍ വീതം കുറെ നാളത്തേക്കു ദിവസേന അരച്ചു സേവിച്ചാല്‍ പഴക്കംചെന്ന തലവേദന സുഖപ്പെടുന്നതാണ്. മങ്കണ്ണ ച്ചേന്പിന്‍റെ ചാരം വെള്ളത്തില്‍ കലക്കി ഊറല്‍ നീക്കിയതില്‍ ഉമ്മത്തിന്‍ കുരു അരച്ചതും നല്ലെണ്ണയും കൂട്ടി കാച്ചിയെടുക്കുന്ന എണ്ണ ബോറിയാസിനും വാതവേദനയ്ക്കും അവയവങ്ങളിലെ വേദനയ്ക്കും മുഖത്തുണ്ടാകുന്ന ഞരന്പുവലി വേദനയ്ക്കും ഗുണം ചെയ്യും. ഉമ്മത്തിന്‍റെ വേരോ ഇലയോ അരച്ചു പുരട്ടുന്നതും അതിട്ട് എണ്ണകാച്ചി തേക്കുന്നതും കാല്‍മുട്ടിലെ നീരിന്‍റെ വേദന ശമിപ്പിക്കും. നീലയുമ്മത്തിന്‍റെ അഞ്ച് അരി കരിം കച്ചോലക്കിഴങ്ങിന്‍ നീരില്‍ അരച്ചു കുടിച്ചാല്‍ ഉന്മാദം ശമിക്കും. വെളുത്ത ഉമ്മത്തിന്‍ വേര് അരിഞ്ഞ് പാലില്‍ തിളപ്പിച്ച് ഈ പാലില്‍ നെയ്യും പാനിയും ചേര്‍ത്ത് കൊടുത്ത് ചിലതരം ഭ്രാന്ത് ചികിത്സിക്കാം. വെളുത്ത ഉമ്മത്തിന്‍റെ വടക്കോട്ടുപോയ വേര് അഞ്ചുഗ്രാം വീതം പാല്‍ക്കഷായമാക്കി തേനും ശര്‍ക്കരയും കൂട്ടി സേവിച്ചാല്‍ എല്ലാത്തരം ഉന്മാദവും ശമിക്കും.
കേശ സംരക്ഷകന്‍, കാസസംഹാരി
ഉമ്മത്തിന്‍റെ പച്ചക്കായുടെ നീര് തലയില്‍ തേച്ചാല്‍ താരനും (ചാരണം) മൂടി പൊഴിച്ചിലും മാറും. ഉമ്മത്തില നീരില്‍ ഉമ്മത്തിന്‍ വിത്തുകള്‍ കല്‍ക്കമായി അരച്ച് കലക്കി കാച്ചി ദൂത്തുരാദി തൈലം ഉണ്ടാക്കി തേച്ചാല്‍ മുടികൊഴിച്ചിലും തലചൊറിച്ചിലും ശമിക്കും. ഉമ്മത്തില നീറ്റില്‍ ഇരട്ടിമധുരം കല്‍ക്കമായി ചേര്‍ത്ത് എണ്ണകാച്ചി തേച്ചാലും തലമുടി വളരും. ഉമ്മത്തില അരച്ചുതേച്ചാല്‍ തലയിലെ പേന്‍ ശമിക്കും. ഉമക്കയിലയും തണ്ടും വിത്തും പുകവലിച്ചാല്‍ ബ്രോങ്കിയല്‍ ആസ്ത്മ, വരണ്ട ചുമ ഇവയ്ക്കു ആശ്വാസം ലഭിക്കും.
ഉമ്മം ബഹുവിധ രോഗചികിത്സയില്‍
ഉമ്മത്തിന്‍റെ അരികള്‍ കള്ളിന്‍ വിനാഗിരിയില്‍ ചേര്‍ത്ത് അരച്ചിട്ടാല്‍ ഒക്കച്ചൊറിയും മറ്റ് ത്വക് രോഗങ്ങളും സുഖപ്പെടും. തലയിലെ ചൊറി ശമിക്കാന്‍ ഉമ്മം സമൂലം ഇടിച്ചുപിഴിഞ്ഞെടുക്കുന്ന നീരില്‍ എണ്ണ കാച്ചി തേക്കുക. ഉമ്മത്തില നീറ്റില്‍ അല്‍പം രസം ചാലിച്ച് വളരെ കരുതലോടെ ആണിമേല്‍ തൊടുവിച്ചാല്‍ ആണിരോഗം മാറും. ഉമ്മത്തില നീറ്റില്‍ വെണ്ണ ചാലിച്ചു തേച്ചാല്‍ എലിവിഷം ശമിക്കും. ഉമ്മത്തില നീറ്റില്‍ സമം തേങ്ങാപ്പാല്‍ ചേര്‍ത്ത് വെയിലത്തു വച്ചു വറ്റിച്ചുകിട്ടുന്ന എണ്ണ പുരട്ടിയാല്‍ ശരീരത്തിലെ ചുണങ്ങും മൊരിയും മാറും. ഇലനീര്‍ ഒഴിച്ചാല്‍ കണ്ണിലെ നീരു ശമിക്കും. ഇലവാട്ടി പതിച്ചാല്‍ ചെങ്കണ്ണ് സുഖപ്പെടും. ഉമ്മത്തിന്‍റെ ശുദ്ധി ചെയ്ത അരിയും വേരും കൂടി അഞ്ചുഗ്രാം അരച്ചു പാലില്‍ ചേര്‍ത്ത് രാവിലെ മാത്രം മൂന്നുദിവസം വെറുംവയറ്റില്‍ സേവിച്ചാല്‍ മലന്പനി ശമിക്കും. ഇലനീര്‍ തൈരില്‍ ചേര്‍ത്ത്, ദിവസം ഒരു പ്രാവശ്യം വീതം നല്കിയാല്‍ അസ്ഥിസ്രാവത്തിന് ആശ്വസം ലഭിക്കും. ഉമ്മത്തിന്‍ വിത്തുകള്‍ അരച്ച് എണ്ണകൂട്ടി പ്രസവവേദന ആരംഭിച്ച ശേഷം ഗര്‍ഭിണിയുടെ നെറുകയിലിട്ടാല്‍ സുഖപ്രസവം നടക്കും. പ്രസവം കഴിഞ്ഞാലുടനെ കഴുകിക്കളയണം. ഗോണേറിയാ രോഗികള്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഇലനീര് തൈരില്‍ കലര്‍ത്തി കുറഞ്ഞ മാത്രയില്‍ നല്കുക.








