ഓണം പ്രത്യേക ട്രെയിനുമായി റെയില്‍വേ

0
111

തിരുവനന്തപുരം: ഉത്സവകാല തിരക്ക് പരിഗണിച്ച് ദക്ഷിണ പശ്ചിമ, മധ്യ റെയില്‍വേകള്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഉത്സവകാലത്തെ തിരക്കും തീര്‍ത്ഥാടകരുടെ ബാഹുല്യവും പരിഗണിച്ചാണ് തീരുമാനം.

ബെംഗളുരു-തിരുവനന്തപുരം, ഷിര്‍ദി-തിരുപ്പതി റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഓണക്കാലവും തീര്‍ത്ഥാടക ബാഹുല്യവും പരിഗണിച്ചാണ് നടപടി. ബെംഗളുരുവിലെ സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനില്‍ (എസ്എംവിടി)യില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ദക്ഷിണ മധ്യറെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക. പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുണ്ടാകും. സായിനഗര്‍ ഷിര്‍ദിയില്‍ നിന്ന് ആന്ധ്രയിലെ തിരുപ്പതിയിലേക്ക് മധ്യറെയില്‍വേ പ്രതിവാര പ്രത്യേക ട്രെയിനും പ്രഖ്യാപിച്ചു.

ബെംഗളുരു-തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സ്റ്റേഷനുകളും സമയവും

ഉത്സവകാല തിരക്ക് പ്രമാണിച്ച് നാല് ട്രെയിനുകളാണ് ദക്ഷിണ മധ്യ റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ളത്. അവയില്‍ രണ്ടെണ്ണത്തിന്‍റെ നമ്പര്‍ 06523/06548 എന്നിങ്ങനെയാണ്. ഇവ ഓരോന്നും ഓരോ ദിശയിലും ആറ് യാത്രകള്‍ വീതം നടത്തും. 06547/06548 നമ്പരുകളിലുള്ള ട്രെയിനുകള്‍ മൂന്ന് തവണയാകും യാത്ര നടത്തുക.

06523 ട്രെയിന്‍ ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 15 വരെ എല്ലാ തിങ്കളാഴ്‌ചയും ബെംഗളുരുവിലെ എസ്എംവിടിയില്‍ നിന്ന് വൈകിട്ട് 07.25ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.

06524 നമ്പരിലുള്ള ട്രെയിന്‍ തിരുവന്തപുരം നോര്‍ത്തില്‍ നിന്ന് എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് 3.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് ബെംഗളുരു എസ്എംവിടിയില്‍ എത്തിച്ചേരും. ഓഗസ്റ്റ് പന്ത്രണ്ട് മുതലാണ് ഈ സര്‍വീസ് ആരംഭിക്കുക. സെപ്റ്റംബര്‍ 16 വരെ ഇതുണ്ടാകും.

ബംഗളുരുവില്‍ നിന്നുള്ള ഓണക്കാല പ്രത്യേക ട്രെയിനിന്‍റെ സമയക്രമം ഇങ്ങനെ

ട്രെയിന്‍ നമ്പര്‍ സര്‍വീസ് നടത്തുന്ന ദിവസം സര്‍വീസ് ആരംഭിക്കുന്ന സ്റ്റേഷന്‍ പുറപ്പെടുന്ന സമയം എത്തിച്ചേരുന്ന സ്റ്റേഷന്‍ എത്തിച്ചേരുന്ന സമയം
06523 എല്ലാ തിങ്കളാഴ്‌ചയും ബെംഗളുരു എസ്‌എംവിടി 19.25 തിരുവനന്തപുരം നോര്‍ത്ത് പിറ്റേ ദിവസം 13.15
06524 എല്ലാ ചൊവ്വാഴ്‌ചയും തിരുവനന്തപുരം നോര്‍ത്ത് 15.15 ബെംഗളുരു എസ്‌എംവിടി പിറ്റേ ദിവസം 8.30
06547 എല്ലാ ബുധനാഴ്‌ചയും ബെംഗളുരു എസ്‌എംവിടി 19.25 തിരുവനന്തപുരം നോര്‍ത്ത് പിറ്റേ ദിവസം 8.30
06548 എല്ലാ വെള്ളിയാഴ്‌ചയും തിരുവനന്തപുരം നോര്‍ത്ത് 15.15 ബെംഗളുരു എസ്‌എംവിടി

06547 ബെംഗളുരുവില്‍ നിന്ന് ഓഗസ്റ്റ് 13വൈകിട്ട് 7.25ന് പുറപ്പെടും. ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ മൂന്നും അതായത് എല്ലാ ബുധനാഴ്‌ചയും ഈ ട്രെയിന്‍ സര്‍വീസ് നടത്തും. 06548 തിരുവനന്തപുരത്ത് നിന്ന് ഓഗസ്റ്റ് എട്ടിന് വൈകിട്ട് 3.15ന് പുറപ്പെടും. ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല് വ്യാഴാഴ്‌ചകളില്‍ സര്‍വീസ് നടത്തും.

ട്രെയിന്‍ നിര്‍ത്തുന്ന പ്രധാന സ്റ്റേഷനുകള്‍

  • കൃഷ്‌ണരാജപുരം
  • ഈറോഡ്
  • പാലക്കാട്
  • എറണാകുളം ടൗണ്‍
  • കോട്ടയം
  • കൊല്ലം

ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ കൃഷ്‌ണരാജപുരം, ഈറോഡ്, പാലക്കാട്, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ നിര്‍ത്തും. രണ്ട് എസി ടുടയര്‍, 16എസി ത്രീടയര്‍, ലഗേജുകളോട് കൂടിയ രണ്ട് ലഗേജ് കം ബ്രേക്ക് അപ് വാനുകളുമാകും ഉണ്ടാകുക.

ഷിര്‍ദി -തിരുപ്പതി ട്രെയിനിന്‍റെ സമയക്രമം ഇങ്ങനെ

മഹാരാഷ്‌ട്രയിലെ സായ്‌നഗര്‍ ഷിര്‍ദിയെയും ആന്ധ്രാപ്രദേശിലെ തിരുപ്പതിയെയും ബന്ധിപ്പിച്ച് കൊണ്ടുള്ള പ്രത്യേക ട്രെയിനും മധ്യ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മാസം പതിനെട്ട് യാത്രകളാണ് ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് നാല് മുതല്‍ സെപ്റ്റംബര്‍ ഒന്‍പത് വരെ ഷിര്‍ദിയില്‍ നിന്ന് എല്ലാ തിങ്കളാഴ്‌ചയും വൈകിട്ട് 7.35ന് പുറപ്പെട്ട് മൂന്നാം ദിവസം പുലര്‍ച്ചെ 1.30ന് തിരുപ്പതിയില്‍ എത്തിച്ചേരും. തിരികെ ഓഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ 28 വരെ ഞായറാഴ്‌ച പുലര്‍ച്ചെ നാല് മണിയ്ക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ഷിര്‍ദിയില്‍ എത്തും.

മന്‍മാഡ്, ഔറംഗാബാദ്, ലാത്തൂര്‍ റോഡ്, ബിദാര്‍, സെക്കന്തരാബാദ്, മിരിയാല്‍ഗുഡ, തെനാലി, ഗുഡുര്‍, റെണുഗുണ്ട തുടങ്ങിയ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. രണ്ട് എസി ടുടയര്‍ കോച്ചുകള്‍, നാല് എസി ത്രീടയര്‍ കോച്ച്, ആറ് സ്ലീപ്പര്‍ ക്ലാസ് കോച്ച് എന്നിവയാകും ഇതിലുണ്ടാകുക. നാല് ജനറല്‍ സെക്കന്‍റ് ക്ലാസുകളുമുണ്ടാകും. ഇതിന് പുറമെ രണ്ട് ബ്രേക്ക് വാനുകളും ഉണ്ടാകും. പ്രത്യേക ട്രെയിനുകളിലെ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ഓഗസ്റ്റ് ഒന്നുമുതല്‍ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here