ഓണത്തിന് കാഷ്യു കോര്‍പ്പറേഷന്‍ വക പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. പ്രീമിയം ഗിഫ്റ്റ് ബോക്‌സ്, പ്ലാറ്റിനം ഗിഫ്റ്റ് ബോക്‌സ്, ടിന്‍ പരിപ്പ് എന്നിവയാണിവ. കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉല്‍പ്പന്നങ്ങള്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് അജിത്ത് ശ്രീനിവാസന് കൈമാറി. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ച് വിവരിച്ചു.
നിലവില്‍ 11 ഉല്‍പ്പന്നങ്ങളാണ് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി വിപണിയിലുള്ളത്. പ്രീമിയം, പ്ലാറ്റിനം ഗിഫ്റ്റ് ബോക്‌സുകളിലും ആകര്‍ഷകമായ ടിന്‍ കണ്ടെയ്‌നറുകളിലും കശുവണ്ടി പരിപ്പും കോര്‍പ്പറേഷന്റെ എല്ലാ ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും അന്തര്‍ദേശീയ തലത്തില്‍ നടന്ന ‘കാജു ഇന്ത്യ’ അന്തര്‍ദേശീയ കോണ്‍ക്ലേവില്‍ മികച്ച മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയതിന് പുരസ്‌ക്കാരം കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്.
റോസ്റ്റഡ് & സള്‍ട്ടഡ് കാഷ്യൂ, കാഷ്യൂ വിറ്റ, കാഷ്യൂ പൗഡര്‍, കാഷ്യൂ ബിറ്റ്സ്, കാഷ്യൂ സൂപ്പ്, ചോക്കോ കാജു, മില്‍ക്കി കാജു, അസോര്‍ട്ടഡ് കാഷ്യൂ, കശുമാങ്ങയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളായ കാഷ്യൂ സോഡ, കാഷ്യൂ ആപ്പിള്‍ ജ്യൂസ്, കാഷ്യൂ പൈന്‍ ജാം എന്നീ ഉല്‍പ്പന്നങ്ങളാണ് ഓണക്കാലത്ത് വിപണിയിലെത്തിക്കുന്നത്.
നാടന്‍ തോട്ടണ്ടിയില്‍ നിന്നുള്ള 150 ഗ്രേഡിലുള്ള ജംബോ സൈസ് കശുവണ്ടി പരിപ്പും വിപണിയിലുണ്ട്. കേരളത്തിലെ അംഗീകൃത ഏജന്‍സികള്‍ വഴിയും ആമസോണ്‍ ഓണ്‍ലൈന്‍ വ്യാപാര ശ്രിംഖല വഴിയും ഇന്ത്യയിലുടനീളം കശുവണ്ടി ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.
കൂടാതെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലോകത്തെ എല്ലാ വിപണന കേന്ദ്രങ്ങളിലും മാര്‍ക്കറ്റ് ഫെഡിന്റെ വ്യപാര സ്ഥാപനങ്ങളിലൂടെയും കശുവണ്ടി പരിപ്പും ഉല്‍പ്പന്നങ്ങളും ലഭിക്കും. ഓണക്കാലത്ത് 5 കോടി രൂപയുടെ പരിപ്പ് വാങ്ങുന്നവര്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. സെപ്റ്റംബര്‍ 20 വരെയാണ് സബ്‌സിഡിയുള്ളതെന്നും എം ഡി രാജേഷ് രാമകൃഷ്ണന്‍ അറിയിച്ചു.