മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്. ഫെയ്സ്ബുക്കിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ അറസ്റ്റ് ചെയ്യാനാവൂവെന്നാണ് പൊലീസിന്റെ നിലപാട്. എന്നാല്‍, മുഖ്യമന്ത്രിയ്ക്കെതിരെ അശ്ളീല സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഉടനടി അറസ്റ്റും ചെയ്തു. ഇതോടെ ഒരേ നിയമപ്രകാരം എടുത്ത കേസുകളില്‍ ഇരട്ടനീതിയെന്ന ആരോപണത്തിന് തെളിവായി.
കഴക്കൂട്ടം കൊയ്തൂര്‍ക്കോണം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുജിയാണ് ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചത്. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ചേര്‍ത്ത് തികച്ചും അശ്ളീല രീതിയിലായിരുന്നു സുജിയുടെ പ്രചാരണം. സി.പി.എം മംഗലപുരം ലോക്കല്‍ കമ്മിറ്റിയുടെ പരാതിയില്‍ പൊലീസ് ഐ.ടി ആക്ടും പൊലീസും വകുപ്പും പ്രകാരം സുജിയെ അറസ്റ്റ് ചെയ്‌ത് സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടു.
ഇത് കൃത്യമായ നിയമ നടപടിയാണെന്നിരിക്കെ ഇതേ വേഗതയും കൃത്യതയും മറ്റ് സൈബര്‍ കേസുകളിലൊന്നും ഉണ്ടാകുന്നില്ല. അതിന്റെ തെളിവാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണക്കേസ് ഇഴഞ്ഞ് നീങ്ങുന്നത്. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉന്നയിച്ചതോടെയാണ് മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമനും ഏഷ്യാനെറ്റ് ന്യൂസിലെ കെ.ജി. കമലേഷിനും പ്രജുലയ്ക്കുമെതിരെ സംഘടിത സൈബര്‍ ആക്രമണമുണ്ടായത്. കുടുംബാംഗങ്ങളെ വരെ അപമാനിച്ചത് ലൈംഗിക ചുവയോടെയെന്ന് ഡി.ഐ.ജി സഞ്ചയ് കുമാറിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ദേശാഭിമാനി ജീവനക്കാരനായ വി.യു.വിനീത് കൂടാതെ ടി.ജെ.ജയജിത്, കണ്ണന്‍ ലാല്‍ എന്നിവരാണ് സന്ദേശങ്ങള്‍ക്ക് പിന്നിലെന്നും കണ്ടെത്തിയിരുന്നു. പക്ഷെ പ്രതിയെ തിരിച്ചറിഞ്ഞ് എട്ട് ദിവസം കഴിഞ്ഞിട്ടും ഇതുവരെയും അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
പ്രതികളുടെ യഥാര്‍ത്ഥ അക്കൗണ്ട് തന്നെയാണിതെന്ന് ഫേസ്ബുക്ക് സാക്ഷ്യപ്പെടുത്തിയാലേ അറസ്റ്റ് ചെയ്യാനാവൂവെന്നാണ് സൈബര്‍ ക്രൈം പൊലീസ് പറയുന്നത്. ഈ മറുപടി ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നതിനാല്‍ നടപടി ഉടനെയൊന്നും ഉണ്ടാകില്ല. പക്ഷെ ഇതേ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത് മുഖ്യമന്ത്രിയെ അപമാനിച്ച കേസില്‍ ഫേസ്ബുക്ക് സാക്ഷ്യപ്പെടുത്തലിനൊന്നും കാത്ത് നിന്നില്ലെന്നത് മറ്റൊരു യാഥാര്‍തഥ്യമാണ്.