സംസ്ഥാനത്ത് ഇത്തവണ കാലവർഷം ( ജൂൺ- സെപ്റ്റംബർ) സാധാരണയിൽ കൂടുതലാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പുതുക്കിയ പ്രവചന പ്രകാരം ദീർഘ കാല ശരാശരിയുടെ 108% വർധനയാണ് കേന്ദ്ര കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്.
ജൂൺ മാസത്തിൽ പൊതുവെ സാധാരണ / സാധാരണ യിൽ കൂടുതൽ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട് ആണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്.
കൂടാതെ 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാൻ സാധ്യത.