പുതിയ കാലമാണ്. മനസ്സിൽ കരുതുന്നതും മോഹിക്കുന്നതുമൊക്കെ നിമിഷ നേരത്തിനുള്ളിൽ യാഥാർത്ഥ്യമാകുന്ന കാലം. വിവരസാങ്കേതിക വിദ്യയുടെ പുതിയ യുഗത്തിലാണ് നാം ഇന്ന് രാജ്യത്തിൻ്റെ 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. പുതിയ കാലത്തിൻ്റെ പാതയിൽത്തന്നെയാണ് ആജ് തക്- ഇന്ത്യാടുഡേയും സഞ്ചരിക്കുന്നത്. ചരിത്രവും സാങ്കേതികവിദ്യയും സംയോജിച്ചാൽ എന്തായിരിക്കും അതിൻ്റെ ഫലം? അതിനുത്തരമായി ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസിൻ്റെ സഹായത്തോടെ ആജ് തക്- ഇന്ത്യാടുഡേ അത്ഭുതകരമായ ഒരു സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യ സമര നായകന്മാരെല്ലാം നമ്മുടെ രാജ്യത്തിനു വേണ്ടി ‘ജന ഗണ മന’ എന്ന ദേശീയ ഗാനം ആലപിക്കുന്ന സ്വപ്നം യഥാർത്ഥ്യമായിരിക്കുന്നു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, നമ്മുടെ ഭരണഘടനാ ശിൽപി ഡോ. ഭീം റാവു അംബേദ്കർ, മൗലാനാ അബുൽ കലാം ആസാദ് എന്നിവർ ഗാനം ആലപിക്കുന്നു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ, സരോജിനി നായിഡു, രവീന്ദ്രനാഥ ടാഗോർ എന്നിവരും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ഈ ഗാനം ആലപിക്കുന്നുണ്ട്.
ചരിത്രത്തെ സംരക്ഷിക്കുക, അതിനെ ജീവസുറ്റതാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള വിവര സാങ്കേതിക വിദ്യയുടെ ഉപയോഗമാണ് ഇവിടെ ലക്ഷ്യം കണ്ടിരിക്കുന്നത്. രാജ്യത്തിൻ്റെ പരമപ്രധാന ദിനത്തിൽ സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ ജനനായകരെ ഒരിക്കൽക്കൂടി അവതരിപ്പിക്കാനും രാജ്യത്തിൻ്റെ അഭിമാന നിമിഷത്തിൽ പങ്കാളിയാകാനുമുള്ള ആജ് തക്- ഇന്ത്യാടുഡേയുടെ ശ്രമങ്ങളെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു.
നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറാണ് രാജ്യത്തിൻ്റെ ദേശീയ ഗാനമായ ജനഗണമനയുടെ ശിൽപ്പി. 1911-ൽ ടാഗോർ ബംഗാളി ഭാഷയിലാണ് ഈ ഗാനം ആദ്യം എഴുതിയത്. 1950 ജനുവരി 24 നാണ് ജനഗണമന ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടത്.