ദേശീയപാത 66ൽ ആറ്റിങ്ങലിലെ ബൈപാസ് നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഈ വർഷം അവസാനം ആകുമ്പോഴേക്ക് ബൈപാസ് യാത്രക്കാർക്കായി സജ്ജമാകും.
ദേശീയപാത 66ൽ ആറ്റിങ്ങൽ നഗരത്തിൻ്റെ മുഖച്ഛായ മാറ്റുന്ന ബൈപാസ് നിർമാണം അതിവേഗം പൂർത്തിയാകുന്നു. എട്ടുമാസം കൊണ്ട് നിർമാണം പൂർത്തിയാകുന്ന വിധത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നതെന്ന് കരാറുകാർ വ്യക്തമാക്കി. 11.150 കിലോമീറ്റർ നീളത്തിലാണ് ബൈപാസ് ഒരുക്കുന്നത്. ബൈപാസിൽ 55 ശതമാനം റോഡ് നിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സർവീസ് റോഡുകളുടെ നിർമാണം 90 ശതമാനവും പൂർത്തിയായിട്ടുണ്ട്.
കഴിഞ്ഞദിവസം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് ആറ്റിങ്ങൽ ബൈപാസ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നതെന്ന് എംപി പറഞ്ഞു. ഏറ്റെടുത്ത കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയപ്പോൾ, ഇടപെടുകയും, കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെ ചുമതല ഏൽപ്പിച്ചത് കൊണ്ടാണ് നിർമ്മാണം മന്ദഗതിയിൽ ആകുന്നതെന്ന് പാർലമെൻ്റിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അതൻ്റെ ഫലമായാണ് പുതിയ കമ്പനിയെ സർക്കാർ നിർമാണ ചുമതല ഏൽപ്പിച്ചതെന്നും എംപി പറഞ്ഞു.
ജനങ്ങൾ എന്നോട് പങ്കുവെച്ച പല സംശയങ്ങളും ദൂരീകരിക്കാൻ ചർച്ച സഹായകരമായി. നിർമാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പുതിയ കമ്പനിയുടെ അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. നാടിൻ്റെ വികസന കുതിപ്പിന് ഒരു തിലകക്കുറി ആകാൻ പോകുന്ന ആറ്റിങ്ങൽ ബൈപാ നിർമാണത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ജനപ്രതിനിധി എന്നുള്ള നിലയിൽ പിന്തുണയും, ശ്രദ്ധയും ഉണ്ടാകുമെന്ന് കമ്പനി അധികൃതരെയും അറിയിച്ചിട്ടുണ്ടെന്നും നിർമാണ പ്രദേശം സന്ദർശിച്ചശേഷം എംപി പറഞ്ഞു.