ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വായു മലിനീകരണം കാലങ്ങളായി നമ്മുടെ ആശങ്കകളിൽ ഒന്നാണ് . ഈ വിപത്ത് ഒരു പരിധിവരെ മറികടക്കാൻ വൃക്ഷങ്ങളാണ് നമ്മെ സഹായിക്കുന്നത്. എന്നാൽ ജീവിതം അനുദിനം മറിക്കൊണ്ടിരിക്കുന്ന ലോകത്ത്, പുതിയ മഹാനഗരങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാലത്ത് മരങ്ങളുടെ പരിപാലനം അത്രയെളുപ്പമല്ല. ഒരു നഗരത്തിൽ ഒരു ദിവസമുണ്ടാകുന്ന വായു മലിനീകരണം മറികടക്കാൻ വലിയൊരു വൃക്ഷ സമ്പത്ത് തന്നെ ആവശ്യമായി വരും. എന്നാൽ നഗരത്തിന്റെ സ്ഥലപരിമിതിയാൽ ഇത് പ്രായോഗികവുമല്ല.
നഗരങ്ങളിലെ സ്ഥലപരിമിതി സൃഷിടിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ‘ലിക്വിഡ് ത്രീ’ എന്ന കണ്ടുപിടിത്തം. മരത്തിന്റെ ഗുണങ്ങളോടു കൂടിയ എന്നാൽ കുപ്പിയിൽ പോലും കൊണ്ടു നടക്കാനാകുന്ന വെള്ളം എന്ന് ഇതിനെ ചുരുക്കിപ്പറയാം. ചെറിയ ഗ്ലാസിലും ടാങ്കിലും ഇത്തരത്തിൽ ലിക്വിഡ് ട്രീ ഉണ്ടാക്കിയെടുക്കാം. സെർബിയൻ ശാത്രജ്ഞനായ ഡോ. ഇവാൻ സ്പസോജെവികാണ് വിപ്ലവാത്മകമായ ഈ കണ്ടുപിടുത്തത്തിന് പിന്നിൽ.
വേരുകളും ഇലകളുമില്ലാത്ത ലിക്വിഡ് ട്രീകൾ വളരെ പരിമിതമായ സ്ഥലത്ത് നിന്നുകൊണ്ട് തന്നെ അന്തരീക്ഷത്തെ മലിനീകരണ വിമുക്തമാക്കുന്ന നൂതന വിദ്യയാണ്. നമ്മുടെ മഹാനഗരങ്ങളിലുണ്ടാകുന്ന മലിനീകരണം മറികടക്കുന്നതിന് ധാരാളം മരങ്ങൾ ആവശ്യമാണ്. എന്നാൽ നഗരത്തിന്റെ സ്ഥലപരിമിതിമൂലം ഇത്തരത്തിൽ മരങ്ങൾ വളർത്തുകയെന്നത് അപ്രാപ്യമാണ്. അങ്ങനെയാണ് റോഡരികിലെ ബെഞ്ചുകൾ മരങ്ങളായി മാറ്റിയാലോ എന്ന ആശയം ഡോ. ഐവാന് ഉണ്ടാകുന്നത്.
മൈക്രോ ആൽഗകൾ എന്ന സൂക്ഷ്മ ജീവികളെ ഉപയോഗിച്ചാണ് ഇത്തരം ലിക്വിഡ് ട്രീകൾ നിർമ്മിക്കുന്നത്. ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിന് മൈക്രോ ആൽഗേകൾ ഉപയോഗിച്ച് സാധിക്കും. ഈ മൈക്രോ ആൽഗകൾ പ്രകാശസംശ്ലേഷണത്തിലൂടെ ശുദ്ധമായ ഓക്സിജൻ ഉൽപ്പാദിപ്പിച്ച് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതാണെന്നും ഡോ ഇവാൻ പറയുന്നു.
ഇതിന്റെ പ്രവർത്തനം മരങ്ങളുടെയും പുല്ലിന്റെയും പ്രവർത്തനത്തിന് സമാനമാണ്, മലിനമായ അന്തരീക്ഷത്തിൽ അതിജീവിക്കാനുള്ള മൈക്രോ ആൽഗകളുടെ കഴിവ് കാരണം ഇത് മരങ്ങളേക്കാൾ കാര്യക്ഷമമാണ്. 20 വർഷം പഴക്കമുള്ള ഒരു മരത്തിന് സമമാണ് ഈ ലിക്വിഡ് ട്രീകൾ. ഒരു മരം നട്ട് വളരാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ ലിക്വിഡ് ട്രീയ്ക്ക് ‘ലിക്വിഡ് ത്രീ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
വനങ്ങളോ നിലവിലുള്ള തോട്ടങ്ങളോ മാറ്റിസ്ഥാപിക്കാതെ തന്നെ മരങ്ങൾ നട്ടുപിടിപ്പിക്കാൻ കഴിയാത്ത നഗരങ്ങളിൽ ശുദ്ധ വായുവിനായി ലിക്വിഡ് ട്രീകൾ ഉപയോഗിക്കാം. ലക്വിഡ് ട്രീകൾ മരത്തിന് പകരമാകില്ലെങ്കിലും മലിനീകരണം കുറയ്ക്കാനുള്ളൊരു ഉപകരണമായി പരിഗണിക്കാവുന്നതാണ്. ബെൽഗ്രേഡിലാണ് ഇപ്പോൾ ഇത്തരത്തിലുള്ള ലിക്വിഡ് ട്രീ ഉള്ളത്. ഇതിന്റെ സാധ്യത മനസിലാക്കുന്നതോടെ മറ്റു രാജ്യങ്ങളിലും ഇത് പ്രായോഗികമാക്കിയേക്കാം.