ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധ ഹെലികോപ്ടറിന്റെ പരീക്ഷണം വിജയം. രുദ്ര ഹെലികോപ്ടറിൽ നിന്ന് ന്യൂജനറേഷൻ റോക്കറ്റുകളും ടററ്റ് വെടിയുണ്ടകളും യുദ്ധ സാമഗ്രികളും ഇന്ത്യൻ സേന പരീക്ഷിച്ചു. പർവതനിരകളിൽ കരുത്ത് കാട്ടാൻ മികവുള്ള റോക്കറ്റുകളും വെടിയുണ്ടകളുമാണ് വിക്ഷേപിച്ചത്. ബംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് രുദ്ര വികസിപ്പിച്ചത്.
രുദ്രയിൽ നിന്ന് റോക്കറ്റുകൾ വർഷിക്കുന്ന വീഡിയോ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹെലികോപ്ടർ ലക്ഷ്യസ്ഥാനത്തേക്ക് പറക്കുന്നതും റോക്കറ്റും വെടിയുണ്ടകളും വർഷിക്കുന്നതും വീഡിയോയിൽ കാണാം. ധ്രുവ് ഹെലികോപ്ടറിന്റെ യുദ്ധപ്പതിപ്പാണ് രുദ്ര. ഇന്ത്യൻ സൈന്യത്തിന് 75 രുദ്ര ഹെലികോപ്ടറുകളും വ്യോമസേനയ്ക്ക് 16 രുദ്ര ഹെലികോപ്ടറുകളും ഉണ്ട്.