പഹല്‍ഗാം ഭീകരാക്രമണത്തിന്റെ 15-ാം ദിവസം ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂർ’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലാണ് പാക് അധീന കശ്മീരിലെയും പാക്കിസ്ഥാനിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ശക്തമായി തിരിച്ചടിച്ചതിലൂടെ നീതി നടപ്പാക്കിയെന്നും ഇന്ത്യന്‍ സൈന്യം സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ പ്രതികരണവുമായെത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
“ഇത് ഒരു നാണക്കേടാണ്. ഇപ്പോഴാണ് ഇന്ത്യയുടെ ആക്രമണത്തെ കുറിച്ച് കേട്ടത്. കഴിഞ്ഞ സംഭവത്തിന്റെ ചെറിയ ഭാഗം അടിസ്ഥാനമാക്കി എന്തെങ്കിലും സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകളായി അവര്‍ പോരാടുകയാണ്. വാസ്തവത്തില്‍ നൂറ്റാണ്ടുകളായി പോരാട്ടം തുടരുന്നു. ഈ സംഘര്‍ഷം വളരെ വേഗത്തില്‍ അവസാനിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്”, ട്രംപ് പറഞ്ഞു.