പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരർ കണ്ണീർ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവർക്ക് നീതി നടപ്പാക്കുകയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ഇതിന് നേതൃത്വം നൽകിയതും രണ്ട് വനിതാ സൈനിക ഓഫീസർമാരും. പാകിസ്താനെതിരായ സൈനിക നടപടി വിശദീകരിക്കാൻ ഇതാദ്യമായി രാജ്യം നിയോഗിച്ചത് രണ്ട് വനിതാ ഉദ്യോഗസ്ഥരെയായിരുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും. ഇന്ന് പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയതും ഇവർ തന്നെ. ഹിമാൻഷി നർവാൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ കണ്ണീരിന് മറുപടി നൽകാൻ രാജ്യം നിയോഗിച്ചവർ.
സൈന്യത്തിന്‍റെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിതാ ഓഫീസറാണ് ഗുജറാത്ത് സ്വദേശിയായ സോഫിയ ഖുറേഷി. മുത്തച്ഛന്റെ പാത പിന്തുടർന്ന് സൈന്യത്തിലെത്തിയ സോഫിയയുടെ ഭർത്താവും സൈനിക ഓഫീസറാണ് . 1999 ൽ ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തിൽ എത്തിയത്. 2016 ൽ 18 രാജ്യങ്ങൾ പങ്കെടുത്ത ഫോഴ്സ്-18 സൈനികാഭ്യാസത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് സോഫിയ ഖുറേഷിയാണ്. ഫോഴ്സ്-18 ലെ ഏക വനിതാ കണ്ടിജന്റ് കമാൻഡർ എന്ന നേട്ടവും സോഫിയയ്ക്ക് സ്വന്തം. 2006ൽ, കോംഗോയിലെ UN പീസ് കീപ്പിംങ് ഓപ്പറേഷനിൽ സൈനിക നിരീക്ഷകയായി സോഫിയ ഖുറേഷി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് കണ്ട സ്വപ്‌നത്തിൽ നിന്നാണ് വ്യോമസേനയിലേക്കുള്ള വിംഗ് കമാൻഡർ വ്യോമിക സിങിന്റെ യാത്ര ആരംഭിച്ചത്. ആകാശവുമായി ബന്ധിപ്പിക്കുന്ന വ്യോമിക എന്ന തന്റെ പേരിന്റെ അർത്ഥം ആഗ്രഹവുമായി കൂടുതൽ ബന്ധിപ്പിച്ചു. ആദ്യം വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി. 2019 ഡിസംബർ 18ന് ഫ്ലൈയിംഗ് ബ്രാഞ്ചിൽ സ്ഥിരം കമ്മീഷൻ. ഹിമാചൽപ്രദേശിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മണിറംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സെർവീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു വ്യോമിക. 2020ൽ അരുണാചൽ പ്രദേശിൽ നിർണായകമായ ഒരു രക്ഷാപ്രവർത്തനദൗത്യത്തിൽ മികവു തെളിയിച്ചിട്ടുണ്ട്.