ചരിത്രം അറിയാതെ രാഹുല്‍ ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും കോടതി താക്കീത് ചെയ്തു. അത്തരം പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചാല്‍ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
വി ഡി സവര്‍ക്കര്‍ക്കെതിരെ ‘ബ്രിട്ടീഷുകാരുടെ സേവകന്‍’ എന്ന പരാമര്‍ശം നടത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരെ ലഖ്‌നൗ കോടതിയിലുള്ള ക്രിമിനല്‍ മാനനഷ്ട നടപടികള്‍ സ്റ്റേ ചെയ്യുന്നതിനിടെയായിരുന്നു സുപ്രീം കോടതി അദ്ദേഹത്തെ വിമര്‍ശിച്ചത്. ആന്‍ഡമാന്‍ ദ്വീപുകളിലെ സെല്ലുലാര്‍ ജയിലില്‍ ഒരു പതിറ്റാണ്ടിലധികം കിടന്ന സ്വാതന്ത്ര്യ സമര സേനാനിയാണ് സവര്‍ക്കറെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസ് ദീപങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ട കേസ് നടപടികള്‍ സ്റ്റേ ചെയ്തത്. ഈ വിഷയം പരിഗണിച്ചയുടനെ ജസ്റ്റിസ് ദത്ത സവര്‍ക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. മഹാത്മഗാന്ധി വൈസ്രോയിക്ക് എഴുതിയ കത്തുകളില്‍ ‘നിങ്ങളുടെ വിശ്വസ്ത സേവകന്‍’ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് ഗാന്ധിയെയും ‘ബ്രിട്ടീഷുകാരുടെ സേവകന്‍’ എന്ന് പറയാനാകുമോ എന്ന് കോടതി ചോദിച്ചു.
‘വൈസ്രോയിയെ അഭിസംബോധന ചെയ്യുമ്പോള്‍ മഹാത്മഗാന്ധി ‘നിങ്ങളുടെ വിശ്വസ്ത സേവകന്‍’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട് എന്ന് നിങ്ങളുടെ കക്ഷിക്ക് അറിയാമോ’, എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഇന്ദിരാഗാന്ധി സവര്‍ക്കറെ പുകഴ്ത്തികൊണ്ട് എഴുതിയ കത്തിനെ കുറിച്ച് രാഹുല്‍ ഗഹാന്ധിക്കറിയാമോ എന്നും അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയോട് സുപ്രീം കോടതി ചോദിച്ചു.
അതുകൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും ഇന്ത്യയുടെ ചരിത്രമോ ഭൂമിശാസ്ത്രമോ ഒന്നും അറിയാതെ അത്തരം വ്യക്തികളെ കുറിച്ച് ഇങ്ങനെ പറയരുതെന്നും ജസ്റ്റിസ് ദത്ത താക്കീത് ചെയ്തു.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിമാര്‍ പോലും ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് ‘നിങ്ങളുടെ ദാസന്‍’ എന്ന പദമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെ ആരും ആരുടെയും സേവകരാകില്ലെന്നും അടുത്ത തവണ ആരെങ്കിലും മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്ന് പറയുമെന്നും നിങ്ങളുടെ പരാമര്‍ശങ്ങള്‍ ഇത്തരം പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.