പഹല്‍ഗാം ഭീകരാക്രമണം: ഒരാളേയും വെറുതെ വിടില്ല, എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അമിത് ഷാ

0
18

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ഒരാളേയും വെറുതെ വിടില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ മൃതദേഹങ്ങളില്‍ പുഷ്പചക്രം അര്‍പ്പിച്ച് ആദരാഞ്ജലി നേര്‍ന്ന ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് രക്ഷപ്പെട്ടവരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം ഉറപ്പ് നല്‍കി.

ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വെച്ചാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ ആഭ്യന്തരമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചത്. പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റുള്ളവരുമായും സംവദിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സുരക്ഷാ സേന സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അമിത് ഷാ അവര്‍ക്ക് ഉറപ്പ് നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ അമിത് ഷാ കശ്മീരില്‍ എത്തിയിരുന്നു. പിന്നാലെ സംഭവസ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു. പൊലീസ് ഡയറക്ടര്‍ ജനറല്‍ നളിന്‍ പ്രഭാത് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ഇന്നലെ തന്നെ സുരക്ഷാ അവലോകന യോഗവും അമിത് ഷാ നടത്തി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഈ ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു. മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന ബൈസരന്‍ മെഡോസില്‍ ആയിരുന്നു ആക്രമണം നടന്നത്.

ശ്രീനഗറില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ബൈസരന്‍ മെഡോസിലേക്ക് ഹെലികോപ്റ്ററില്‍ ആണ് അമിത് ഷാ എത്തിയത്. അതേസമയം ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും വീതം സര്‍ക്കാര്‍ നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here