ഗവർണർമാർക്ക് സംസ്ഥാന സ‍ർക്കാർ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതകാലം പിടിച്ചു വയ്ക്കാനാവില്ലെന്നും സുപ്രീം കോടതി വിധി

0
40

ഗവർണർമാർക്ക് സംസ്ഥാന സ‍ർക്കാർ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതകാലം പിടിച്ചു വയ്ക്കാനാവില്ലെന്നും 3 മാസം സമയ പരിധി നിശ്ചയിച്ചുമുള്ള സുപ്രീം കോടതി വിധി കേന്ദ്രസർക്കാരിന് കൂടി പ്രഹരമായി. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒതുക്കുന്ന കേന്ദ്രസർക്കാരിന് കൂടിയുള്ള താക്കീതായി സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുകയാണ്. ബില്ലുകൾ അനിശ്ചിതകാലം പിടിച്ചുവയ്ക്കുന്ന ഗവർണ്ണർമാരുടെ നീക്കം ചെറുക്കാൻ ബി ജെ പി ഇതര സംസ്ഥാന സർക്കാരുകൾക്ക് വിധി കരുത്താകും. വീറ്റോ അധികാരം ഗവർണ്ണർമാർക്കില്ല എന്ന കോടതി നിരീക്ഷണവും ഫെഡറൽ മൂല്യങ്ങൾ നിലനിറുത്തുന്നതിൽ നിർണ്ണായകമാകും.

കേരളം, തമിഴ്നാട്, പഞ്ചാബ്, പശ്ചിമബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ ഗവർണ്ണർ – സർക്കാർ പോരിൽ നിർണ്ണായകമാണ് സുപ്രീംകോടതി രണ്ടംഗ ബഞ്ചിന്‍റെ വിധി. ഗവർണ്ണർമാർക്ക് ബില്ലുകളിൽ അടയിരിക്കാൻ അധികാരമില്ലെന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു. രാഷ്ട്രപതിക്ക് അയച്ച് ഇവ വൈകിപ്പിക്കാനുള്ള നീക്കത്തിന് ഇന്നത്തെ വിധി തടയിട്ടിരിക്കുയാണ്. ഗവർണ്ണറെ കോടതിയിൽ അറ്റോണി ജനറൽ ന്യായീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിൻറെ രാഷ്ട്രീയ നീക്കങ്ങൾക്ക് എതിരായുള്ള മുന്നറിയിപ്പ് കൂടിയാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായാണ് ഗവർണ്ണർ പെരുമാറിയതെന്ന പരാമർശം വന്ന സാഹചര്യത്തിൽ തമിഴ്നാട് ഗവർണ്ണർ രാജിവയ്ക്കുമോ എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുകയാണ്.

ഭരണഘടനയിൽ ബില്ല് പിടിച്ചു വയ്ക്കാനുള്ള അധികാരം ഗവർണ്ണർമാർക്കുണ്ട്. എന്നാൽ നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ അട്ടിമറിക്കാനാണ് ഈ വ്യവസ്ഥ അടുത്തകാലത്തായി ദുരുപയോഗം ചെയ്യുന്നത്. മൂന്നു മാസത്തിനകം തീരുമാനം എന്ന നിർദ്ദേശം കോടതി വച്ചതോടെ ഇപ്പോൾ പല സംസ്ഥാനങ്ങളിലും ഗവർണ്ണർമാരുടെ പരിഗണനയിലുള്ള ബില്ലുകളിൽ തീരുമാനം വൈകാതെ ഉണ്ടാകണം. ഫെഡറൽ സംവിധാനത്തിൽ ഭരണം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ഗവർണ്ണർക്കല്ലെന്നും സുപ്രീംകോടതി ഈ വിധിയിലും അടിവരയിടുകയാണ്. ഫെഡറൽ വിഷയങ്ങളിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കിടയിൽ തുടങ്ങിയിരിക്കുന്ന സംയുക്ത നീക്കങ്ങൾക്ക് ഊർജ്ജം നൽകുന്നതാണ് കോടതി വിധി.

LEAVE A REPLY

Please enter your comment!
Please enter your name here