ഇന്ന് മുതല്‍ ബെംഗളൂരുവില്‍ പുതിയ നികുതി കൂടി… മാലിന്യ സംസ്‌കരണത്തിന് ഇനി ഫീസ്, നിരക്കുകള്‍ ഇങ്ങനെ

0
9

ബെംഗളൂരു: ഇന്ന് മുതല്‍ ബെംഗളൂരുവില്‍ പുതിയ നികുതി കൂടി. ഏപ്രില്‍ 1 മുതല്‍ ബെംഗളൂരുവിലെ പ്രോപ്പര്‍ട്ടി ഉടമകളില്‍ നിന്ന് മാലിന്യ ഉപയോക്തൃ ഫീസായി ഒരു തുക ഈടാക്കും എന്ന് അധികൃതര്‍ അറിയിച്ചു. വാതില്‍പ്പടി മാലിന്യ ശേഖരണവും മാലിന്യ നിര്‍മാര്‍ജനവും ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌കരണ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനാണ് ഈ ഫീസ്.

കഴിഞ്ഞ നവംബറില്‍ ആണ് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ( ബി എസ് ഡബ്ല്യു എം എല്‍ )മാലിന്യ ശേഖരണ ഫീസ് ഘടന നിര്‍ദ്ദേശിച്ചത്. നഗര വികസന വകുപ്പിന്റെ അനുമതിയോടെയായിരുന്നു ഇത്. ഈ ഫീസ് നിരക്കിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇത് പ്രതിവര്‍ഷം ഏകദേശം 600 കോടി രൂപ വരുമാനം കൂട്ടിച്ചേര്‍ക്കും എന്നാണ് വിലയിരുത്തല്‍. ഫീസ് പ്രോപ്പര്‍ട്ടി ടാക്‌സില്‍ ആണ് ഉള്‍പ്പെടുത്തുക. ബില്‍റ്റ് – അപ്പ് ഏരിയയെ അടിസ്ഥാനമാക്കി നികുതി നിരക്കില്‍ വ്യത്യാസമുണ്ടാകും. 600 ചതുരശ്ര അടിയില്‍ താഴെയുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് പ്രതിമാസം 10 രൂപ മുതല്‍ 4,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് പ്രതിമാസം 400 രൂപ വരെയാണ് നിരക്ക്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയ വലിയ മാലിന്യ ഉല്‍പ്പാദകര്‍ക്ക്, അംഗീകൃത ഏജന്‍സികളെ ഉപയോഗിക്കുന്നില്ലെങ്കില്‍ സംസ്‌കരിക്കാത്ത മാലിന്യത്തിന് കിലോയ്ക്ക് 12 രൂപ വീതം സര്‍ക്കാര്‍ ഈടാക്കും.

പുതിയ നിരക്കുകള്‍ ഇങ്ങനെ ഇത് ഭവന സൊസൈറ്റികളുടെയും വാണിജ്യ യൂണിറ്റുകളുടെയും പ്രവര്‍ത്തന ച്ചെലവ് വര്‍ധിപ്പിക്കും. അതേസമയം നികുതി നിരക്ക് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ഉപയോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നികുതി കൊടുക്കുന്നതിന് കാര്യമുണ്ടാകണം എന്നും ഈ ഫണ്ട് ശരിയായി വിനിയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്തണം എന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here