തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ പാസാക്കിയതിന് പിന്നാലെ കമ്മ്യൂണിസ്‌റ്റുകാരെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കമ്മ്യൂണിസ്‌റ്റുകള്‍ ഒരുദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ പരിഹസിച്ചു.
എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു ശശി തരൂരിന്റെ പ്രതികരണം. കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമാണെന്നും അദ്ദേഹം പറയുന്നു. കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ പണ്ട് കമ്പ്യൂട്ടറിനെയും മൊബൈൽ ഫോണിനെയും എതിർത്തതും ശശി തരൂർ ചൂണ്ടിക്കാട്ടി. സ്വകാര്യ സർവകലാശാലകളുടെ വിഷയത്തിൽ ഒടുവിൽ സർക്കാർ വേണ്ടത് ചെയ്‌തെന്നും, എന്നാൽ തീരുമാനം 20 വർഷം വൈകിയെന്നുമാണ് ശശി തരൂർ ആരോപിക്കുന്നത്.
‘അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം തന്നെ ചെയ്‌തു, സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുവദിച്ചു. പതിവുപോലെ, തീരുമാനം ഏകദേശം 15 മുതൽ 20 വർഷം വൈകിയാണ് വന്നിരിക്കുന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുണ്ട്’ തരൂർ എക്‌സ് പോസ്‌റ്റിൽ ചൂണ്ടിക്കാട്ടി. ‘ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ, അന്നത്തെ കമ്മ്യൂണിസ്‌റ്റ് ഗുണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തകർക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും നാം മറക്കരുത്. ഇന്ത്യയിൽ മൊബൈൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു കക്ഷിയും കമ്മ്യൂണിസ്‌റ്റുകാർ ആയിരുന്നു’ അദ്ദേഹം പറഞ്ഞു. ‘ഈ മാറ്റങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് തങ്ങൾ ആർക്ക് വേണ്ടിയാണോ സംസാരിക്കുന്നുവെന്ന് അവകാശപ്പെട്ടത്, അതേ സാധാരണക്കാർ തന്നെയാണെന്ന് മനസിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തു. ഒരു ദിവസം ഒടുവിൽ അവർ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അത് 22-ാം നൂറ്റാണ്ടിൽ മാത്രമായിരിക്കും’ ശശി തരൂർ എക്‌സ് പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.
അതേസമയം, നേരത്തെ എൽഡിഎഫ് സർക്കാരിനെ പുകഴ്ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏറെ പഴികേട്ടതിന് പിന്നാലെയാണ് ശശി തരൂർ ഇപ്പോൾ ഇടതുപക്ഷത്തിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇടക്കാലത്ത് തരൂരിന്റെ പ്രതികരണങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഈ വിഷയത്തിൽ തരൂരിനെതിരെ സംസ്ഥാന കോൺഗ്രസിൽ കടുത്ത എതിർപ്പ് ആണ് ഉയർന്നിരുന്നത്. വിവിധ നേതാക്കൾ ശശി തരൂരിനെതിരെ പരസ്യ നിലപാട് എടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ശശി തരൂർ കരുതലോടെ പ്രതികരിക്കുന്നത്. ഈ വിവാദത്തിന് ശേഷം ആദ്യമായാണ് തരൂർ ഇടതുപക്ഷത്തെ വിമർശിക്കുന്നത്.