തൃശൂർ പൂരം കലക്കൽ: മന്ത്രി കെ. രാജൻ്റെ മൊഴിയെടുക്കും

0
40

തൃശൂർ പൂരം കലക്കലിൽ റവന്യൂ മന്ത്രി കെ.രാജൻ്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം. സംസ്ഥാന പോലീസ് മേധാവി എസ്. ദർവേഷ് സാഹിബാകും മൊഴി എടുക്കുക.  കെ.രാജൻ പൂരം നടക്കുമ്പോൾ തൃശൂരിൽ ഉണ്ടായിരുന്നു. പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജൻ നേരത്തെ പറഞ്ഞിരുന്നു.

എം.ആർ. അജിത് കുമാറിന്‍റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്. മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങൾ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു. പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചന ഉണ്ടായോയെന്നാണ് പ്രത്യേക സംഘം (എസ്ഐടി) പരിശോധിക്കുന്നത്.

മൊഴിയെടുക്കാൻ സൗകര്യം അന്വേഷിച്ച് ഉദ്യോഗസ്ഥർ തന്നെ സമീപിച്ചിരുന്നതായി മന്ത്രി രാജൻ സ്ഥിരീകരിച്ചു. അന്വേഷണ ഏജൻസി വന്നിരുന്നു. അന്വേഷണം ഇഴയുന്നു എന്ന അഭിപ്രായമില്ല. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നൽകുമെന്നും മന്ത്രി പറഞ്ഞു. എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

“അന്വേഷണ ഏജൻസിക്ക് ആരുടെ മൊഴിയും രേഖപ്പെടുത്താം. നിയമസഭ നടക്കുന്നതുകൊണ്ട് അതിനുവേണ്ടിയുള്ള സമയം കണ്ടെത്താൻ പറ്റിയിട്ടില്ല. കേസന്വേഷണം ഇഴയുകയാണെന്ന് തനിക്ക് അഭിപ്രായമില്ല.” അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. പൂരം നടത്തിപ്പിൽ എഡിഡിപി എംആർ അജിത് കുമാറിന് ഉണ്ടായിട്ടുള്ള വീഴ്ചകൾ ഡിജിപി ദർവേശ് സാഹിബാണ് അന്വേഷിക്കുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സംബന്ധിച്ചിട്ടുള്ള വീഴ്ച ഇന്റലിജൻസ് മേധാവി മനോജ് ഏബ്രഹാമും അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here