ചരിത്രപരമായ മുഹൂർത്തത്തിൽ എഫ്ബിഐ ഡയറക്‌ടറായി ചുമതല ഏറ്റെടുത്ത് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ എന്ന കശ്യപ് പട്ടേൽ. ഭഗവത് ഗീതയിൽ കൈവച്ചുകൊണ്ടാണ് അദ്ദേഹം എഫ്‌ബിഐ മേധാവി സ്ഥാനം ഏറ്റെടുത്തത്. ഇതോടെ ഏജൻസിയെ നയിക്കുന്ന ഒൻപതാമത്തെ വ്യക്തിയായി കശ്യപ് പട്ടേൽ മാറി.
വൈറ്റ് ഹൗസ് കാമ്പസിലെ ഐസൻഹോവർ എക്‌സിക്യൂട്ടീവ് ഓഫീസ് ബിൽഡിംഗിലെ (ഇഇഒബി) ഇന്ത്യൻ ട്രീറ്റി റൂമിൽ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയാണ് കശ്യപ് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഭഗവത് ഗീതയുമായി സത്യവാചകം ഏറ്റുചൊല്ലുന്ന കശ്യപ് പട്ടേലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ വൈറലാവുകയാണ്.
കശ്യപ് പട്ടേലിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ രംഗത്തെത്തി. “ഞാൻ കാഷിനെ സ്നേഹിക്കുന്നതിനും അവനെ ഉൾപ്പെടുത്താൻ ആഗ്രഹിച്ചതിനും ഒരു കാരണം എഫ്ബിഐ ഏജന്റുമാർക്ക് അദ്ദേഹത്തോടുള്ള ബഹുമാനമാണ്” ഡൊണാൾഡ് ട്രംപ് ചൂണ്ടിക്കാട്ടി. ‘ആ സ്ഥാനത്തിരുന്നവരിൽ ഏറ്റവും മികച്ചവനായി അദ്ദേഹം മാറും. അദ്ദേഹത്തിന് ഈ സ്ഥാനത്തെ അംഗീകരിപ്പിക്കാൻ വളരെ എളുപ്പമായിരുന്നു. വളരെ ശക്തനും കരുത്തനുമാണ് കാഷ്. അദ്ദേഹത്തിന് സ്വന്തം അഭിപ്രായങ്ങളുമുണ്ട്. ട്രെ ഗൗഡി ഞെട്ടിക്കുന്ന പ്രസ്‌താവനയുമായി രംഗത്തെത്തി, കാഷ് അവിശ്വസനീയമായ വ്യക്തിയാണെന്നും ആളുകൾ അത് തിരിച്ചറിയുന്നില്ലെന്നുമായിരുന്നു അത്’ ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് 49നെതിരെ 51 വോട്ടുകൾക്ക് കാഷ് പട്ടേലിന്റെ നാമനിർദ്ദേശം സെനറ്റ് അംഗീകരിച്ചത്. എന്നാൽ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാരായ മെയ്‌നിലെ സൂസൻ കോളിൻസും അലാസ്‌കയിലെ ലിസ മുർക്കോവ്‌സ്‌കിയും അദ്ദേഹത്തിന്റെ നിയമനത്തെ എതിർത്ത് ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നു എന്നതാണ്.
ഇന്ത്യൻ വംശജനായ കശ്യപ് പട്ടേൽ ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്‌തരായ വ്യക്തികളിൽ ഒരാളാണ്. സർക്കാരിൽ ഉന്നത പദവി അദ്ദേഹം കൈകാര്യം ചെയ്യുമെന്ന് നേരത്തെ തന്നെ പ്രചാരണം ശക്തമായിരുന്നു. നേരത്തെ ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് പ്രതിരോധ, ഇന്റലിജൻസ് കമ്മ്യൂണിറ്റികളിൽ വിവിധ ഉയർന്ന പദവികളിൽ അദ്ദേഹം ചുമതല വഹിച്ചിരുന്നു.
ന്യൂയോർക്കിലാണ് ജനനം എങ്കിലും കശ്യപ് പട്ടേലിന്റെ വേരുകൾ ഗുജറാത്തിലെ വഡോദരയിലാണ്. മുൻപ് ട്രംപിന്റെ ഒന്നാം ഭരണത്തിൽ സിഐഎ അല്ലെങ്കിൽ എഫ്‌ബിഐ പോലെയുള്ള ഏജൻസികളുടെ തലപ്പത്ത് എത്തേണ്ടതായിരുന്നു കശ്യപ് പട്ടേൽ. എന്നാൽ ആ സമയത്ത് വിവിധ കോണുകളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതോടെയാണ് നടക്കാതെ പോയത്. ആ നീക്കമാണ് ഇപ്പോൾ വർഷങ്ങൾക്ക് ശേഷം യാഥാർഥ്യമാവുന്നത്.