ദില്ലിയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിൽ കല്ലുകടി തുടങ്ങി. കോൺഗ്രസും എഎപിയും പരസ്പരം മത്സരിച്ചതിനെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള കടന്നാക്രമിച്ചു. ‘നിങ്ങൾ തമ്മിൽ വഴക്കിടുന്നത് തുടരുക’ എന്നാണ് ഒമർ അബ്ദുള്ള സോഷ്യൽ മീഡിയയിൽ കുറിച്ചത്. പല സീറ്റുകളിലും കോൺഗ്രസ് പിടിച്ച വോട്ട് ആം ആദ്മി പാർട്ടി സ്ഥാനാർഥികൾക്ക് തിരിച്ചടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
എഎപിയും കെജ്‍രിവാളിനെയും വിമർശിച്ച് അണ്ണാ ഹസാരെയും രംഗത്തെത്തി. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം. കെജ്‍രിവാൾ പണം കണ്ട് മതി മറന്നെന്നും മദ്യത്തിൽ മാത്രമായി ശ്രദ്ധയെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. തന്‍റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.
ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സിപിഐയും രംഗത്തുവന്നു. ഇന്ത്യ സഖ്യത്തിന് ഇടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്ന് ഡി രാജ വിമർശിച്ചു. ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.
ദില്ലിയിൽ 27 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ചിരിക്കുകയാണ് ബിജെപി. ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞാണ് കുതിപ്പ്. എഴുപതിൽ 47 സീറ്റും നേടി. അരവിന്ദ് കെജ്‍രിവാളും സിസോദിയയും അടക്കം എഎപി നേതാക്കൾക്ക് കാലിടറി. തോൽവി സമ്മതിച്ച കെജ്‍രിവാൾ ക്രിയാത്മക പ്രതിപക്ഷമാകുമെന്നും അറിയിച്ചു.