കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാന്‍ ഇന്ത്യ ചൈന തീരുമാനം: വിമാനവും വീണ്ടും പറന്ന് തുടങ്ങും

0
37

ഡല്‍ഹി: കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ച് ഇന്ത്യയും ചൈനയും. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് 2020 മുതൽ നിർത്തിവച്ച തീർത്ഥാടന യാത്ര പുനരാംരംഭിക്കാനുള്ള തീരുമാനമുണ്ടായത്. ഇതോടൊപ്പം തന്നെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വിമാന സർവ്വീസുകള്‍ പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്.

2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിലെ സംഘർഷങ്ങളെ തുടർന്ന് വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അന്നത്തെ കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തിരുന്നു. ഇതിന പിന്നാലെയാണ് നാല് വർഷം മുമ്പ് നിർത്തിവെച്ച കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

2020 ല്‍ കോവിഡ് വ്യാപനത്തെ തുടർന്നാണ് യാത്ര നിർത്തിവെച്ചത്. പിന്നീട് ഗല്‍വാനിലെ നിയന്ത്രണ രേഖയിലുണ്ടായ സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയും ചെയ്തു. നിരവധി തവണത്തെ ഉന്നതതല ചർച്ചകള്‍ക്ക് ശേഷം അതിർത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമാകുകയും ഇരു രാജ്യങ്ങളും സേനയെ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികളിലേക്കും കടക്കുകയായിരുന്നു.

025-ലെ വേനൽക്കാലത്തായിരിക്കും കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുക. യാത്ര സുഗമമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കും. ഇന്ത്യയും ചൈനയും നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികം പൊതുജനങ്ങൾക്കിടയിൽ പരസ്പര വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി ഉപയോഗപ്പെടുത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. 75-ാം വാർഷികത്തോടനുബന്ധിച്ച് രണ്ട് രാജ്യങ്ങളും ചേർന്ന് നിരവധി പരിപാടികളും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here