നീന്തലിന് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

0
68

പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാർത്ഥികളിൽ നീന്തൽ അറിയാവുന്നവർക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്ണില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് നീന്തല്‍ അറിയാമെന്ന സര്‍ട്ടിഫിക്കറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഹാജരാക്കുന്ന പക്ഷം അഡ്മിഷന് ഗ്രേസ് മാർക്കായി രണ്ട് മാര്‍ക്ക് നല്‍കിയിരുന്നു. 2022-23 അധ്യയന വര്‍ഷം വരെ ഗ്രേസ് മാർക്ക് നൽകി. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി പരാതി ഉയർന്നതോടെ നിലവിൽ ഗ്രേസ് മാർക്ക് നൽകുന്നില്ല. ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് മന്ത്രി അറിയിച്ചത്.

വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്രമായ വികാസമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഇതിനായി ആക്ടിവിറ്റി ബുക്ക്, ടെക്സ്റ്റ് ബുക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം നീന്തല്‍ എന്ന നൈപുണ്യം ലഭിക്കാൻ  ആവശ്യമായ നീന്തല്‍കുളങ്ങളുടെ ലഭ്യതക്കുറവ് സംസ്ഥാനത്ത് നിലവിലുണ്ട്. മറ്റ് കളിസ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നീന്തൽക്കുളങ്ങളുടെ നിര്‍മ്മാണ ചെലവിനേക്കാള്‍ ഏറെ വരുന്നത് അവയുടെ പരിപാലന ചെലവാണ്. അതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പിന് തദ്ദേശ സ്വയംഭരണ, കായിക വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തോടൊപ്പം സന്നദ്ധ സംഘടനകളുടെ സഹായവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

നേമം നിയോജക മണ്ഡലത്തില്‍ ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയെ ഉള്‍പ്പെടുത്തി പ്രൈമറി തലം മുതല്‍ കുട്ടികള്‍ക്ക് നീന്തല്‍ പഠിപ്പിക്കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വ്യാപകമായി ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here