വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായുള്ള രണ്ടാമൂഴത്തില്‍ ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകള്‍ ആകാംക്ഷയോടെയും ആശങ്കയോടെയുമാണ് ലോകം ഉറ്റുനോക്കുന്നത്.
അനധികൃത കുടിയേറ്റ വിഷയത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്തതും കര്‍ക്കശവുമായ സമീപനം സ്വീകരിക്കുമ്പോള്‍ തന്നെ എച്ച് 1 ബി വിസകളുടെ കാര്യത്തില്‍ ഭരണകൂടം കൂടുതല്‍ കൃത്യതയും സുതാര്യവുമായ നടപടികളിലേക്കു കടക്കുമെന്ന സൂചനകളാണ് വരുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരാണ് പ്രൊഫഷണല്‍ മേഖലകളില്‍ യു.എസില്‍ ജോലി ചെയ്യുന്നത്. അതുപോലെ നിരവധി വിദ്യാര്‍ത്ഥികളുടെ സ്വപ്നഭൂമിയും കൂടിയുമാണ് അമേരിക്ക. അതിനാല്‍ തന്നെ എച്ച് 1 ബി വിസ പരിഷ്‌കരണ നടപടികള്‍ ഇന്ത്യന്‍ പ്രൊഫഷണലുകളില്‍ കാര്യമായ സ്വാധീനം ചെലുത്തും. യു.എസില്‍ ഉന്നത വൈദഗ്ധ്യം അനിവാര്യമായ മേഖലകളില്‍ ഒരു നിശ്ചിത കാലയളവിലേക്ക് വിദേശത്ത് നിന്ന് പ്രൊഫഷണലുകളെ നിയമിക്കാന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ. ഐടി, എന്‍ജിനീയറിങ്, മെഡിസിന്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ മേഖലകളിലാണ് പ്രധാനമായും എച്ച് 1 ബി വിസ പ്രയോജനപ്പെടുത്തുന്നത്. 2025 ജനുവരി 17 മുതല്‍ എച്ച് 1 ബി വിസ പ്രോഗ്രാമില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വിദേശ പ്രൊഫഷണലുകളെ നിയമിക്കുന്നതില്‍ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നതാണ് ഈ മാറ്റങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
2023ല്‍ അനുവദിച്ച 3,86,000 എച്ച് 1 ബി വിസകളില്‍ 72.3 ശതമാനവും ഇന്ത്യന്‍ പൗരന്മാരാണ് സ്വന്തമാക്കിയത്. യുഎസ് സാങ്കേതിക മേഖലയിലെ നിര്‍ണായക ശക്തികളാണ് ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കോര്‍പറേറ്റ് ഭീമന്മാര്‍. ഈ കമ്പനികളിലെ എക്‌സിക്യൂട്ടീവ് പദവികളിലുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് എച്ച് 1 ബി വിസ പ്രോഗ്രാമിലെ മാറ്റങ്ങള്‍ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വ്യവസായങ്ങളിലാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് കൂടുതലും വലിയ അവസരങ്ങള്‍ ലഭിക്കുന്നത്. ഉന്നത വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ നിലനിര്‍ത്താന്‍ കമ്പനികളെ സഹായിക്കുന്നതാണ് പുതിയ പരിഷ്‌കരണങ്ങള്‍. ഇതിനായുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ വിസ പ്രോഗ്രാമിലൂടെ സാധിക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) വ്യക്തമാക്കുന്നു.
മൂന്നു വര്‍ഷത്തേക്കാണ് എച്ച് വണ്‍ ബി വിസ നല്‍ന്നത്. ഇത് പരമാവധി ആറു വര്‍ഷം വരെ ദീര്‍ഘിപ്പിക്കാന്‍ കഴിയും.