റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആശുപത്രികളിൽ പണരഹിത ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ. പരിഷ്കരിച്ച പദ്ധതി മാർച്ചോടെ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസിൽ റിപ്പോർട്ട് ചെയ്താലാണ് പണരഹിത ചികിത്സ ലഭ്യമാവുക. ചില സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതാണ് രാജ്യവ്യാപകമായി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസിൽ റിപ്പോർട്ട് ചെയ്താൽ ഏഴുദിവസം വരെയോ അല്ലെങ്കിൽ പരമാവധി 1.5 ലക്ഷം രൂപവരെയോ ആണ് ചികിത്സാ ചെലവ് ലഭ്യമാവുക. അടിയന്തരചികിത്സ ആവശ്യമായവർക്കാണ് പരമാവധി തുക നൽകുന്നത്. മരണം സംഭവിക്കുന്ന ഹിറ്റ് ആൻഡ് റൺ കേസുകളിൽ ആശ്രിതർക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും പദ്ധതിയുടെ ഭാഗമായി ലഭിക്കും.ക്യാഷ് ലെസ് ചികിത്സ പദ്ധതിയുടെ ഭാഗമായി വേണ്ടിവരുന്ന പണം കണ്ടെത്താൻ ഇൻഷുറൻസ് കമ്പനികളുടെ സഹായം കേന്ദ്രം തേടിയിട്ടുണ്ട്. തേഡ് പാർട്ടി ഇൻഷുറൻസ് തുകയുടെ ചെറിയശതമാനം പദ്ധതി ഫണ്ടിലേക്ക് മാറ്റണമെന്നാണ് കേന്ദ്ര ആവശ്യം.
ചില സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി പരിഷ്കരിച്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കുകയാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് പദ്ധതിയുടെ നിർവഹണച്ചുമതല പോലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസി എന്നിവരുമായി ഏകോപിപ്പിച്ചാകും പ്രവർത്തനം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിനുകീഴിലുള്ള ഇ-ഡീറ്റൈൽഡ് ആക്സിഡെൻ്റ് റിപ്പോർട്ട് (ഇഡിആർ) ആപ്ലിക്കേഷൻ്റെയും ദേശീയ ആരോഗ്യ അതോറിറ്റി ട്രാൻസാക്‌ഷൻ മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെയും സംയോജിപ്പിച്ച ഐടി പ്ലാറ്റ്ഫോം വഴിയാണ് പദ്ധതി നടപ്പാക്കുക.
വിവിധ സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് നിതിൻ ഗഡ്കരി ക്യാഷ് ലെസ് ചികിത്സാ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഒരുവർഷത്തിൽ മാത്രം രാജ്യത്ത് 1.8 ലക്ഷം പേർക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. രാജ്യത്ത് പരിശീലനം ലഭിച്ച 22 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
1.8 ലക്ഷം റോഡ് അപകട മരണങ്ങളിൽ 30,000 മരണങ്ങൾ ഹെൽമെറ്റ് ധരിക്കാത്തതിനാലാണ്. മാരകമായ അപകടങ്ങൾക്ക് ഇരയായവരിൽ 66 ശതമാനംപേരും 18 – 34 വയസ്സുള്ളവരാണെന്നും കേന്ദ്ര ഗതാഗത മന്ത്രി പറഞ്ഞു. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച് ഏകദേശം 3000 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.