കുവൈറ്റ് ആരോഗ്യ മന്ത്രാലയം 2025 ജനുവരി 5 മുതല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഹാജര്‍ രേഖപ്പെടുത്തുന്നതിന് സ്മാര്‍ട്ട് ഫിംഗര്‍പ്രിൻ്റ് സംവിധാനം കൊണ്ടുവരുന്നു. മന്ത്രാലയത്തിനു കീഴിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, നഴ്സുമാര്‍ തുടങ്ങി ഏകദേശം 70,000 സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ ജീവനക്കാര്‍ക്കായാണ് സ്മാര്‍ട്ട് ഫിംഗര്‍പ്രിൻ്റ് സംവിധാനം അവതരിപ്പിക്കുന്നത്.
ജീവനക്കാരുടെ ഹാജര്‍ സംവിധാനം കാര്യക്ഷമമാക്കുക, ഭരണരംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് നടപ്പിലാക്കുന്നത്.അതേസമയം, ഫിംഗര്‍പ്രിൻ്റ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും അതിനുള്ള സാങ്കേതിക സൗകര്യങ്ങളും ഇനിയും പൂര്‍ത്തിയായിട്ടില്ല എന്നത് മന്ത്രാലയത്തിനു മുമ്പില്‍ ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നുണ്ട്. ചില ജീവനക്കാര്‍ക്ക് ഫിംഗര്‍പ്രിൻ്റ് ഉപയോഗിച്ച് സൈന്‍അപ്പ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.
സ്മാര്‍ട്ട് ഫിംഗര്‍പ്രിൻ്റ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിൻ്റെ സാങ്കേതിക സംഘങ്ങള്‍ അശ്രാന്ത പരിശ്രമത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 5 ന് ഷെഡ്യൂള്‍ ചെയ്ത തീയതിയില്‍ സിസ്റ്റത്തിൻ്റെ സുഗമമായ ലോഞ്ച് ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം അധികൃതര്‍.ജീവനക്കാര്‍ എത്ര സമയം ജോലി ചെയ്യുന്നവെന്നും അവരുടെ കൃത്യനിഷ്ഠ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ശരിയായ രീതിയില്‍ രേഖപ്പെടുത്താനും അവലോകനം ചെയ്യാനും ഈ സംവിധാനം സഹായകമാവും. അതേസമയം, പുതിയ ആപ്ലിക്കേഷന്‍ വ്യക്തിയുടെ സ്വകാര്യതയെ തകര്‍ക്കുമെന്ന രീതിയിലുള്ള ആശങ്കകളും ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
വ്യക്തി എവിടെയൊക്കെ പോകുന്നു എന്നത് ഉള്‍പ്പെടെ 24 മണിക്കൂറും നിരീക്ഷിക്കാനും രേഖപ്പെടുത്തിവയ്ക്കാനും ആപ്പിന് കഴിയും.എന്നാല്‍, സ്മാര്‍ട്ട് ഫിംഗര്‍പ്രിൻ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ജീവനക്കാര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം.വിരലടയാള സംവിധാനത്തിന് പുറമെ സുലൈബിഖാത്ത് ഏരിയയിലെ ജനറല്‍ ഓഫീസിൻ്റെ പ്രവേശന കവാടങ്ങളില്‍ ഇലക്ട്രോണിക് ഗേറ്റുകളും ആരോഗ്യ മന്ത്രാലയം സ്ഥാപിക്കുന്നുണ്ട്.
ഇത് മെച്ചപ്പെട്ട സുരക്ഷയും ഓഫീസിലേക്കുള്ള ജീവനക്കാരുടെ പ്രവേശനത്തിന്മേല്‍ നിയന്ത്രണവും നല്‍കും. ഈ സംരംഭത്തിൻ്റെ ഭാഗമായി, മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മന്ത്രാലയം സ്മാര്‍ട്ട് ഐഡികള്‍ നല്‍കും. ഈ ഐഡികള്‍ കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിനും അകത്തേക്കും പുറത്തേക്കുമുള്ള ജീവനക്കാരുടെ ചലനം കാര്യക്ഷമമാക്കുന്നതിനും ഉപയോഗിക്കും.