വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ് കുളിക്കുക എന്നത്. ദിവസത്തിൽ പലതവണ കുളിക്കുന്നവരും എല്ലാ ദിവസവും കുളിക്കാത്തവരുമെല്ലാം നമുക്കിടയിലുണ്ട്. ഒരു ദിവസം ഉന്മേഷത്തോടെ ആരംഭിക്കുവാനും ഒരു ദിവസത്തിൻ്റെ ക്ഷീണം ഇല്ലാതാക്കാനും ഒന്ന് കുളിക്കുന്നതിലൂടെ സാധിക്കും. മാത്രമല്ല ഒരു നീണ്ട യാത്രയ്ക്ക് ശേഷം ഉന്മേഷത്തിനായി ആളുകൾ ആദ്യം ചെയ്യുക കുളിക്കുക എന്നുള്ളതാണ്.
കാന്താർ വേൾഡ് പാനലിൻ്റെ ഗവേഷണമനുസരിച്ച്, ആഗോളതലത്തിൽ ആളുകൾ ഏറ്റവും കൂടുതൽ തവണ കുളിക്കുന്ന രാജ്യം ബ്രസീലാണ്. ഓരോ ആഴ്ച്ചയും ശരാശരി 14 തവണവരെ ഈ രാജ്യക്കാർ കുളിക്കുന്നുവെന്നാണ് ഗവേഷണം. ഈ കണക്ക് ആഗോള ശരാശരിയായ അഞ്ച് കുളിയെന്നതിനെ മറികടക്കുന്നു, കൂടാതെ യുകെയിലെ ശരാശരിയായ ആറിന്റെ ഇരട്ടിയിലധികമാണ്.ഈ കണക്ക് ബ്രസീലുകാർ കൂടുതൽ ശുചിത്വബോധമുള്ളവരാണെന്ന് സൂചിപ്പിക്കുമെങ്കിലും യഥാർത്ഥ കാരണം രാജ്യത്തിൻ്റെ കാലാവസ്ഥയാണ്.
ബ്രസീലിലെ ശരാശരി വാർഷിക താപനില 24.6 ഡിഗ്രി സെൽഷ്യസാണ്. ഈ ചൂടിനെ അതിജീവിക്കാനാണ് ഇവിടിത്തുകാർ ഇടയ്ക്കിടെ കുളിക്കുന്നതിനു കാരണം. നേരെമറിച്ച്, ബ്രിട്ടൻ പോലുള്ള തണുത്ത രാജ്യങ്ങളിലെ ശരാശരി താപനില 9.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. അതിനാൽ തന്നെ അവിടെയുള്ളവർ ഇടയ്ക്കിടെ കുളിക്കുന്നതും കുറവാണ്.