41ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം. ഇന്ന് മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
ഇന്ന് 12നും 12.30നും ഇടയിൽ തന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മണ്ഡല പൂജ നടക്കും. ഇതിന്റെ ഭാഗമായി തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തും.
ഇന്നലെ പമ്പയിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ആറു മണിയോടെ സന്നിധാനത്ത് എത്തിച്ചേർന്നു. സോപാനത്തെത്തുന്ന തങ്ക അങ്കി തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. പിന്നാലെ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നു. ഇതിന് ശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചു.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 30,87,049 പേരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം ഈ സമയത്ത് 26,41,141 പേരായിരുന്നു ദർശനത്തിന് എത്തിയിരുന്നത്.
ഇതിനിടെ മണ്ഡലപൂജയോടനുബന്ധിച്ചു ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്നവർക്കായി വിഭവസമൃദ്ധമായ സദ്യ ഒരുക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വിളക്കുകൊളുത്തി സദ്യയ്ക്ക് തുടക്കം കുറിച്ചു. ദേവസ്വം ബോർഡ് അംഗം എ അജികുമാർ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.