ശ്രീഹരിക്കോട്ട: രാജ്യം കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിനായി (ഗഗൻയാൻ-1) റോക്കറ്റ് നിർമാണം തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ബുധനാഴ്ച രാവിലെ 8.45 ആണ് HLVM-3 റോക്കറ്റിന്‍റെ നിർമാണത്തിന് ശുഭാരംഭം കുറിച്ചത്…….
കരുത്തരിൽ കരുത്തൻ എന്ന് വിശേഷിക്കുന്ന LVM- 3 റോക്കറ്റിന്‍റെ ആദ്യ വിക്ഷേപണത്തിന്‍റെ പത്താം വാർഷികത്തിലാണ് ഗഗൻയാൻ റോക്കറ്റിന്റെ നിർമാണത്തിന് ഇസ്രോ തുടക്കം കുറിച്ചത്. 2014 ഡിസംബർ 18-നാണ് ഗഗൻയാന്റെ മുൻഗാമി എന്ന് വിശേഷിപ്പിക്കാവുന്ന കെയർ ദൗത്യം വിജയകരമായി ഇസ്രോ പരീക്ഷിച്ചത്. പേടകത്തെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച് സുരക്ഷിതമായി കടലിലേക്ക് ഇറക്കുന്നതായിരുന്നു കെയർ ദൗത്യം. ഇസ്രോ ചെയർമാനായ എസ്. സോമനാഥായിരുന്നു കെയർ മിഷൻ ഡയറക്ടർ. പ്രൊജക്റ്റിന് ചുക്കാൻ പിടിച്ചതാകട്ടെ വിഎസ്എസ്എസി മേധാവിയായ എസ്. ഉണ്ണികൃഷ്ണൻ നായരും. ഇതിന്റെ വിജയമാണ് ഗഗൻയാൻ എന്ന സ്വപ്ന പദ്ധതിക്ക് യഥാർത്ഥത്തിൽ അടിത്തറയേകിയത്……
സോളിഡ് മോട്ടേറുകളുടെ ഏകോപനമാണ് നിലവിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കുന്നത്. ക്രൂ മോഡ്യൂളിന്റെയും സർവ്വീസ് മൊഡ്യൂളിന്റെയും നിർമ്മാണം തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലും ബംഗളൂരു യു. ആർ റാവു സ്പെസ് സെന്ററിലും അതിവേഗം…
പുരോഗമിക്കുകയാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ ആളില്ല ദൗത്യം വിക്ഷേപിക്കാനുള്ള കഠിന ശ്രമത്തിലാണ് ഇസ്രോ…….