മലയാള സിനിമയിലെ മുൻനിര നടൻമാർക്കെതിരെ ഉന്നയിച്ച പീഡന പരാതിയിൽ പിന്മാറുന്നുവെന്ന് നടി. കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ കത്ത് അയക്കുമെന്നാണ് അവർ അറിയിച്ചത്. മുകേഷ്, ജയസൂര്യ എന്നിവരുൾപ്പെടെ നിരവധി നടൻമാർക്ക് എതിരെയായിരുന്നു ഇവർ പരാതി നൽകിയത്. തനിക്ക് സർക്കാർ വേണ്ട പിന്തുണ നൽകിയില്ലെന്നാണ് നടിയുടെ ആക്ഷേപം.
തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും നടി ആരോപിച്ചു. മാധ്യമങ്ങളിൽ നിന്ന് പോലും വേണ്ട പിന്തുണ തനിക്ക് കിട്ടുന്നില്ലെന്നാണ് ആലുവ സ്വദേശിയായ നടി പറയുന്നത്. അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്നും അവർ ആരോപിച്ചു. അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്നും അവർ ആരോപിച്ചു.
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിങ്ങനെ മലയാളത്തിലെ മുൻനിര നടൻമാർക്ക് എതിരെയാണ് ആലുവ സ്വദേശിനിയായ നടി പരാതി നൽകിയത്. അടുത്ത ദിവസം തന്നെ ജി പൂങ്കുഴലിക്ക് കേസ് പിൻവലിക്കുന്നത് കാട്ടി കത്ത് നൽകുമെന്നാണ് നടി അറിയിച്ചിരിക്കുന്നത്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് താൻ രംഗത്ത് വന്നതെന്നും നടി പറഞ്ഞിരുന്നു.
ഇനിയും അഡ്‌ജസ്‌റ്റ്മന്റ് ചോദിച്ചു ഒരു പെൺകുട്ടിയോടും ആരും രംഗത്ത് വരരുത് എന്നായിരുന്നു ലക്ഷ്യം. എന്നിട്ടും എനിക്കെതിരായ കേസ് തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. പോക്സോ കേസ് കള്ളക്കേസാണെന്ന് അറിഞ്ഞിട്ടും ആ സ്ത്രീയെയോ അവളുടെ പിറകിലുള്ളവരെയോ പിടിക്കാന്‍ ശ്രമിക്കുന്നുമില്ലെന്നും അവർ ആരോപിക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ തനിക്കെതിരെ താങ്ങാൻ കഴിയാത്ത അധിക്ഷേപങ്ങളാണ് ഉയരുന്നതെന്നും നടി പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചും നടി പരാതി ഉന്നയിച്ചു. കേസ് അന്വേഷിക്കുന്ന രണ്ട് ഉദ്യോഗസ്ഥർ എന്റെ ഫോൺ പോലും എടുക്കുന്നില്ല. എന്റെ മക്കൾക്ക് വേണ്ടി ഞാൻ ഇനി ജീവിക്കും; അവർ കൂട്ടിച്ചേർത്തു.
നേരത്തെ മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. മുതിർന്ന നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും യുവതാരം ജയസൂര്യക്ക് എതിരെയും നടി പീഡന പരാതി ഉന്നയിച്ചിരുന്നു.
കേസിൽ പരാതിക്കാരിയുടെ നിലപാട് എന്ത് തന്നെയായാലും അന്വേഷണത്തെ ബാധിക്കില്ലെന്നാണ് എസ്ഐടി അറിയിച്ചിരിക്കുന്നത്. മുകേഷ് അടക്കമുള്ള നടൻമാർക്ക് എതിരായ അന്വേഷണം അവസാന ഘട്ടത്തിൽ ആണെന്നും എസ്ഐടി ചൂണ്ടിക്കാണിക്കുന്നു. അന്വേഷണവുമായി മുന്നോട്ട് പോവാൻ തന്നെയാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.