തൃശ്ശൂര്‍ : ഘരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹതയ്ക്ക് ശ്രമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. 30 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആത്മഹത്യാ ശ്രമം കുറ്റകരമാണെങ്കിലും അതിലേക്ക് നയിച്ച കാര്യങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കാര്യങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നും കേസ് എടുത്തുകൊണ്ടുള്ള ഉത്തരവില്‍ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. രാഷ്ട്രീയ സ്വാധീനത്താല്‍ സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നതിനിടെയാണ് വില്ലേജ് ഓഫീസറുടെ ആത്മഹത്യ ശ്രമം. മാനസിക പീഡനമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.