കൊച്ചി: മലയാള ചലച്ചിത്ര മേഖലയില്‍ സേവനവേതന കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങുന്ന എല്ലാ സിനിമകളിലും നിര്‍ബന്ധമായും കരാര്‍ ഉറപ്പാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഫെഫ്ക, അമ്മ എന്നീ സംഘടനകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം കരാറുകള്‍ ഇല്ലാത്ത തൊഴില്‍ തര്‍ക്കത്തിന്മേല്‍ ഇനി മേല്‍ ഒരു കാരണവശാലും ഇടപെടില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്തില്‍ വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങുന്ന എല്ലാ സിനിമകളിലും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും സേവനവേതന കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കേരള ഫിലിം പ്രൊഡ്യൂസ് അസോസിയേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ചിത്രീകരണത്തിന് അനുമതി നല്‍കുകയുള്ളൂ. നിലവില്‍ ഒരു ലക്ഷം രൂപയിലധികം വേതനമുള്ള തൊഴിലാളികള്‍ക്കാണ് കരാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടായിരുന്നത്. എന്നാല്‍ എല്ലാ തൊഴിലാളികള്‍ക്കും കരാര്‍ ഉറപ്പാക്കണമെന്നാണ് പുതിയ തീരുമാനം.