ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേംകുമാറിന് ചുമതല. താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി.
നിലവില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് താത്കാലിക ചുമതല നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ബംഗാളി നടിയുടെ പരാതിയെ തുടർന്നായിരുന്നു രഞ്ജിത്തിൻ്റെ രാജി. കേസില്‍ രഞ്ജിത്ത് മുന്‍കൂർ ജാമ്യം തേടിയിട്ടുണ്ട്.
രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തില്‍ പ്രേംകുമാറിനെ ചുമതലയേല്‍പ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലും മലയാളം സിനിമാ മേഖലയെ പിടിച്ചുകുലുക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തുകൊണ്ടും ഡബ്ല്യൂസിസിയെ അഭിനന്ദിച്ചും പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ‘പവര്‍ ഗ്രൂപ്പി’നെക്കുറിച്ച് അറിയില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. അധികാര കേന്ദ്രങ്ങള്‍ എവിടെയെങ്കിലും ഉണ്ടാകാം. ആരും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രേം കുമാറിൻ്റെ പ്രതികരണം.
സ്ത്രീകള്‍നിര്‍ഭയമായി രംഗത്തുവരണമെന്നും അവര്‍ പരാതികള്‍ തുറന്നുപറയണമെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു. ഇത് കേരളമാണെന്നും സ്ത്രീകള്‍ അപമാനഭാരത്താല്‍ ഒളിച്ചിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും, മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
“ഇന്ത്യയില്‍ ആദ്യമായിട്ടാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ വച്ചത്. ഇത്തരത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചത് ധീരമായ നടപടിയാണ്. വനിതാ സിനിമാ പ്രവര്‍ത്തകര്‍ കമ്മിറ്റിക്ക് മുന്നില്‍ പലതും തുറന്നുപറഞ്ഞിട്ടുണ്ട്. നേരിടുന്ന അപമാനങ്ങളും പ്രശ്നങ്ങളുമാണ് കമ്മിറ്റിക്ക് മുന്‍പാകെ അവര്‍ പറഞ്ഞത്. റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. സെറ്റുകളില്‍ പരാതി പറയാന്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചു. റിപ്പോര്‍ട്ട് നേരത്തെ പുറത്തുവരേണ്ടതായിരുന്നു. സര്‍ക്കാരിന് ഒരുപാട് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു.ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ട് പുറത്തുപോകരുതെന്ന് കത്ത് നല്‍കിയിരുന്നു. ഒരുപാട് ആരോപണങ്ങള്‍ നേരത്തെ തന്നെ സിനിമയില്‍ കേട്ടിരുന്നു. പക്ഷേ അന്ന് ആരും തുറന്നുപറയാന്‍ തയ്യാറായിട്ടില്ല.” പ്രേംകുമാർ പറഞ്ഞു.
സിനിമയെ സംബന്ധിച്ച് സമഗ്രമായ നയസമീപനം തീരുമാനിക്കാനാണ് സിനിമ കോണ്‍ക്ലേവ് നടത്തുന്നത്. അതിനെ ബഹിഷ്‌കരിക്കുകയല്ല അതിനോട് സഹകരിക്കുകയാണ് വേണ്ടതെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു