കനത്ത മഴയിൽ ഗുജറാത്തിലെങ്ങും വ്യാപക നാശനഷ്‌ടങ്ങൾ.

0
57

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്‌തു കൊണ്ടിരിക്കുന്ന കനത്ത മഴയിൽ ഗുജറാത്തിലെങ്ങും വ്യാപക നാശനഷ്‌ടങ്ങൾ. മൂന്ന് മരണങ്ങളാണ് ഇതുവരെ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഗുജറാത്തിലും സൗരാഷ്ട്ര മേഖലയിലും അടുത്ത ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശ നഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

മഴയെ തുടർന്ന് നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നൂറുകണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. സർദാർ സരോവർ അണക്കെട്ടിൽ നിന്ന് നർമ്മദ നദിയിലേക്ക് ഏകദേശം 4 ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടതോടെ ബറൂച്ച് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 280 പേരെ മാറ്റി പാർപ്പിക്കേണ്ടി വന്നു.

മോർബി ജില്ലയിലെ ഹൽവാദ് താലൂക്കിൽ കവിഞ്ഞൊഴുകുന്ന കോസ്‌വേയിലൂടെ കടന്നുപോകുമ്പോൾ ട്രോളി ട്രാക്‌ടർ ഒഴുക്കിൽപ്പെട്ട് ഏഴ് പേരെ കാണാതായിട്ടുണ്ട്. എൻഡിആർഎഫും എസ്‌ഡിആർഎഫും ചേർന്ന് ഏകദേശം 20 മണിക്കൂറോളം തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. വഡോദര, ആനന്ദ്, ഖേഡ, പഞ്ച്മഹൽസ് ജില്ലകളിൽ തിങ്കളാഴ്‌ച അതിശക്തമായ മഴ പെയ്‌തതോടെ താഴ്ന്ന പ്രദേശങ്ങളിലും അടിപ്പാതകളിലും വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here