കാരണം റണ്‍വേയിലെ വെളളമല്ലെന്ന് ഡി.ജി.സി.എയുടെ റിപ്പോര്‍ട്ട്; ബ്ലാക് ബോക്സില്‍ നിന്നുള്ള വിവരങ്ങൾ നിർണായകം

0
101

കരിപ്പൂര്‍ വിമാന അപകടത്തിനു കാരണമായത് റണ്‍വേയിലെ വെളളമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണന്ന് വിമാനത്താവളത്തിലെ സാങ്കേതിക വിഭാഗത്തിന്റെ വാദം. അന്വേഷണത്തിന്റെ ഭാഗമായി എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ രേഖകളിലാണ് അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേ പരിശോധിച്ചതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറിയത്. ഡി.ജി.സി.എയുടെ പ്രാഥമിക റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് ഉടന്‍ നല്‍കും.

റണ്‍വേയില്‍ പെയ്ത മഴവെളളം കൂടുതലായി തങ്ങി നിന്നതാണ് വിമാനം തെന്നി മാറാന്‍ കാരണമായതെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നാണ് സാങ്കേതിക വിഭാഗം ചൂണ്ടിക്കാട്ടുന്നത്. തുടര്‍ച്ചയായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനുണ്ടെങ്കില്‍ പത്തു മിനിട്ടു കൂടുമ്പോഴും സമയ ദൈര്‍ഘ്യമുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴും റണ്‍വേ പരിശോധിക്കാറുണ്ട്. അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധന നടത്തി ഉറപ്പു വരുത്തിയെന്നാണ് രേഖകള്‍.

അന്വേഷണം നടത്തുന്ന ഡി.ജി.സി.എ സംഘം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് രണ്ടു ദിവസമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അപകട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ടി.സിയിലെ ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്തില്‍ നിന്നു വീണ്ടെടുത്ത ബ്ലാക് ബോക്സില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമാവുക.

LEAVE A REPLY

Please enter your comment!
Please enter your name here