നിലമ്ബൂർ: വയനാട് ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വനസമ്ബത്തിന്‍റെ കണക്കെടുപ്പ് വനംവകുപ്പ് അടുത്തയാഴ്ച തുടങ്ങും.
വനഭൂമിയോടൊപ്പം ജീവജാലങ്ങളുടെയും കണക്കെടുക്കും. മ്ലാവുകളടക്കം നിരവധി മൃഗങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ജിയോളജിസ്റ്റ്, കണ്‍സർവേഷൻ ബയോളജിസ്റ്റ്, പരിസ്ഥിതി ശാസ്ത്രജ്ഞർ എന്നിവരുള്‍പ്പെട്ട സംഘം അടുത്തയാഴ്ച മധ്യത്തോടെ കണക്കെടുപ്പ് ആരംഭിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത്. കെ. രാമൻ പറഞ്ഞു.
ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസർ, റേഞ്ച് ഓഫിസർ, ഡെപ‍്യൂട്ടി റേഞ്ച് ഓഫിസർ എന്നിവരുമുണ്ടാകും. 1971 ലെ നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നിലമ്ബൂർ കോവിലകത്ത് നിന്ന് ഏറ്റെടുത്ത വനഭാഗമാണ് ഉരുള്‍പൊട്ടലിനിരയായത്. വിസ്തൃതി 2000 ഹെക്ടറിലധികം വരും. സൂചിപ്പാറ വെള്ളച്ചാട്ടം വരെ സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റേഞ്ചിലാണ്. താഴേക്ക് നിലമ്ബൂർ നോർത്ത് ഡിവിഷനിലെ നിലമ്ബൂർ, വഴിക്കടവ് റേഞ്ചുകളുമാണ്. മേപ്പാടി റേഞ്ചിലാണ് കൂടുതല്‍ വനഭാഗം നഷ്ടമായത്. ഏകദേശം ആറ് കിലോമീറ്ററില്‍ ഏഴ് ഹെക്ടർ വനഭൂമിയില്‍ നാശം സംഭവിച്ചിട്ടുണ്ടാവുമെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമികവിലയിരുത്തല്‍. ലക്ഷക്കണക്കിന് ടണ്‍ മണ്ണും പാറയും മരങ്ങളും പ്രളയജലത്തോടൊപ്പം താഴേക്ക് പതിച്ചു.
ചാലിയാറിന് വയനാട്ടില്‍ 150 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുണ്ട്. മുണ്ടക്കൈ, പുത്തുമല, ചൂരല്‍മല, കള്ളാടി, അട്ടമല, കടൂർ പ്രദേശങ്ങള്‍ ഇതില്‍പ്പെടുന്നു. ചൂരല്‍മലയില്‍ നിന്ന് അഞ്ച് കിലോമീറ്റർ ആകാശദൂരത്തില്‍ 1145 മീറ്റർ ഉയരത്തിലാണ് ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രം. സമുദ്രനിരപ്പില്‍ നിന്ന് 1983 മീറ്റർ ഉയരം. ഇവിടെ പടിഞ്ഞാറൻ ചരിവ് ഇരുവഴിഞ്ഞിപ്പുഴയുടെയും കിഴക്കൻ ചരിവ് കള്ളാടിപ്പുഴയുടെയും നീരൊഴുക്ക് പ്രദേശങ്ങളാണ്. ഉരുള്‍ പൊട്ടിയ മലയിടുക്കില്‍ നിന്നുല്‍ഭവിക്കുന്ന മുണ്ടക്കൈ തോടിെൻറ വൃഷ്ടിപ്രദേശം 467 ഹെക്ടറാണ്. ഉരുള്‍പൊട്ടല്‍ പ്രഭവകേന്ദ്രവും സമീപ സ്ഥലങ്ങളും വൃക്ഷനിബിഡമായിരുന്നു. ജൈവവൈവിധ്യത്താല്‍ സമ്ബന്നവും ഇടതൂർന്ന വൃക്ഷങ്ങളുമുള്ള മേല്‍ഭാഗം ചോലവനമാണ്. വനഭാഗത്തിന് താഴെ കാപ്പി, ഏലത്തോട്ടങ്ങളും മറ്റ് ചരിവുകളില്‍ തേയിലത്തോട്ടങ്ങളുമാണ്. താഴ് ഭാഗങ്ങളില്‍ ചരിവ് കുറഞ്ഞ ഇടങ്ങളിലും പുഴയുടെയും തോടിന്‍റെയും കരയോട് ചേർന്ന സ്ഥലങ്ങളിലുമാണ് നാട്ടുകാരിലേറേയും താമസിച്ചിരുന്നത്. മഴനിഴല്‍ പ്രദേശങ്ങളാണിവ.